മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം :ബാലൺഡി’ഓർ ജേതാവ് റോഡ്രി പറയുന്നു!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ റോഡ്രിയാണ്.വിനീഷ്യസ് ജൂനിയറെയാണ് അദ്ദേഹം പരാജയപ്പെടുത്തിയിട്ടുള്ളത്. 41 പോയിന്റ്കൾക്കാണ് റോഡ്രി ഈ ബാലൺഡി’ഓർ നേടിയിട്ടുള്ളത്.റോഡ്രി 1170 പോയിന്റുകൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ 1129 പോയിന്റുകളാണ് നേടിയിട്ടുള്ളത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഒരു സ്പാനിഷ് താരം ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കുന്നത്.
ഈ ബാലൺഡി’ഓറിനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ റോഡ്രി മെസ്സിയെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. മെസ്സിക്ക് 8 തവണ ഈ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്രിയുടെ വാക്കുകളെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ബാലൺഡി’ഓർ ജേതാക്കളുടെ അത്ഭുതപ്പെടുത്തുന്ന ലിസ്റ്റ് പരിശോധിക്കുമ്പോൾ ഞാൻ ലയണൽ മെസ്സിയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. മെസ്സി എട്ടുതവണയാണ് ഈ പുരസ്കാരം നേടിയിട്ടുള്ളത്. സത്യം പറഞ്ഞാൽ മെസ്സി തന്നെ അത് തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.
ബാലൺഡി’ഓർ പുരസ്കാരം റോഡ്രിക്ക് സമ്മാനിച്ചതിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു.അതുകൊണ്ടുതന്നെ റയൽ മാഡ്രിഡ് പുരസ്കാരം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. നിലവിൽ ഗുരുതരമായി പരിക്കേറ്റ റോഡ്രി കളിക്കളത്തിന് പുറത്താണ്.ഈ സീസണിൽ താരത്തിന് ഇനി കളിക്കാൻ സാധിക്കില്ല.