മെസ്സിയല്ല,ആരും തന്നെ എന്റെ പിതാവിന്റെ അടുത്ത് പോലും എത്തില്ല : മറഡോണ ജൂനിയർ
ഫുട്ബോൾ ലോകത്തെ രണ്ട് അർജന്റൈൻ ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ഡിയഗോ മറഡോണയും.ഇരുവരെയും തമ്മിലുള്ള താരതമ്യങ്ങൾ ഒരുപാടുതവണ ഫുട്ബോൾ ലോകത്ത് മുമ്പ് നടന്നിട്ടുണ്ട്.എന്നാൽ രണ്ടുപേരെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് വാദിക്കുന്നവരും സജീവമാണ്.
ഏതായാലും മറഡോണയുടെ മകനായ മറഡോണ ജൂനിയർ ഈ താരതമ്യങ്ങളെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മെസ്സി ഈ കാലഘട്ടത്തിലെ മികച്ച താരമാണെന്നും എന്നാൽ ആർക്കും തന്നെ തന്റെ പിതാവിന്റെ അടുത്തെത്താൻ പോലും കഴിയില്ല എന്നുമാണ് ജൂനിയർ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം റേഡിയോ ഡെൽ പ്ലാറ്റോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജൂനിയറിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 24, 2022
” എനിക്ക് മെസ്സിയോട് വലിയ ബഹുമാനം തന്നെയാണുള്ളത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. പക്ഷേ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമല്ല. എന്റെ പിതാവിന്റെ അടുത്തുപോലും എത്താൻ ആർക്കും കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്.മെസ്സി കോപ്പ അമേരിക്ക കിരീടം അർജന്റീനക്കൊപ്പം നേടിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. പല വിമർശകരുടെയും വായടപ്പിക്കുകയാണ് അതിലൂടെ മെസ്സി ചെയ്തത്. മെസ്സി ഒരുപാട് കാലമായി നമ്മോടൊപ്പമുണ്ട്. പക്ഷേ പലർക്കും അദ്ദേഹത്തെ എങ്ങനെ ആസ്വദിക്കണമെന്നുള്ളത് അറിയില്ല.അതേസമയം എന്റെ പിതാവ് തന്നെയാണ് എല്ലാവരുടെയും മുകളിൽ. മെസ്സി ഒരുപക്ഷേ മനുഷ്യരിലെ ഏറ്റവും മികച്ച താരമായേക്കാം.എന്നാൽ എന്റെ പിതാവ് മനുഷ്യനായിരുന്നില്ല ” ഇതാണ് മറഡോണ ജൂനിയർ പറഞ്ഞിട്ടുള്ളത്.
2020 നവംബർ 25 നായിരുന്നു മറഡോണ ഈ ലോകത്തോട് വിടപറഞ്ഞത്.പിന്നീട് മെസ്സി അദ്ദേഹത്തിന് ആദരമർപ്പിച്ചതൊക്കെ ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.