മെസ്സിഞ്ഞോയെത്തുന്നു, ബ്രസീലിനെ കൈപിടിച്ചുയർത്താൻ!
സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്.കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീൽ മോശം പ്രകടനമാണ് നടത്തിയത്. ആകെ നാലുമത്സരങ്ങൾ കളിച്ചപ്പോൾ കേവലം ഒരു മത്സരത്തിൽ മാത്രമാണ് ബ്രസീലിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ഉറുഗ്വയോട് പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താവുകയും ചെയ്തു.
ഇനി വരുന്ന സെപ്റ്റംബറിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങളാണ് ബ്രസീൽ കളിക്കുക. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് ബ്രസീലിന്റെ എതിരാളികൾ. സെപ്റ്റംബർ ഏഴാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 6:15നാണ് ഈയൊരു മത്സരം അരങ്ങേറുക. പിന്നീട് പരാഗ്വക്കെതിരെ നടക്കുന്ന രണ്ടാമത്തെ മത്സരം സെപ്റ്റംബർ പതിനൊന്നാം തീയതി രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് നടക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിക്കാനായിരുന്നു പരിശീലകനായ ഡൊറിവാൽ ജൂനിയർ തീരുമാനിച്ചിരുന്നത്.എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് അദ്ദേഹം നീട്ടിവെക്കുകയായിരുന്നു.
പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവ പ്രതിഭയായ എസ്റ്റവായോ വില്ല്യനെ അഥവാ മെസ്സിഞ്ഞോയെ ബ്രസീൽ പരിശീലകൻ സീരിയസായി കൊണ്ട് പരിഗണിക്കുന്നുണ്ട്.വില്യൻ ഇത്തവണത്തെ സ്‌ക്വാഡിൽ ഇടം നേടാനുള്ള സാധ്യതകൾ ഏറെയാണ് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന്റെ താരമാണ് മെസ്സിഞ്ഞോ.17 വയസ്സ് മാത്രമുള്ള ഈ താരം സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്.
പരിശീലകൻ ഡൊറിവാൽ ജൂനിയറും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫും ഈ താരത്തെ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്.ബ്രസീൽ ടീമിൽ റൈറ്റ് സൈഡിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് ഇവർ ആലോചിക്കുന്നത്. റൈറ്റ് സൈഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ മെസ്സിഞ്ഞോക്ക് കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത് എന്നാണ് UOL റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതായാലും മെസ്സിഞ്ഞോക്ക് ബ്രസീൽ സീനിയർ ടീമിലേക്കുള്ള ആദ്യ വിളി ഇത്തവണ ലഭിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.