മെസ്സിഞ്ഞോയുടെ പരിക്ക്, കൂടുതൽ വിവരങ്ങൾ പുറത്തുവന്നു!
കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ പാൽമിറാസിന് തോൽവി രുചിക്കേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ബൊട്ടഫോഗോയായിരുന്നു അവരെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ബോട്ടഫോഗോക്ക് സാധിച്ചു.പാൽമിറാസ് നിലവിൽ രണ്ടാം സ്ഥാനത്താണ് തുടരുന്നത്.
ഈ മത്സരത്തിൽ പാൽമിറാസിന് ഏറ്റവും കൂടുതൽ തിരിച്ചടിയായത് അവരുടെ യുവ സൂപ്പർതാരമായ എസ്റ്റവായോ വില്യന് പരിക്കേറ്റു എന്നതാണ്. മത്സരത്തിന്റെ 80ആം മിനിട്ടിലാണ് ബോട്ടഫോഗോ പ്രതിരോധനിര താരമായ ബാർബോസയുടെ ചാലഞ്ച് അദ്ദേഹത്തിന് പരിക്കേൽപ്പിച്ചത്. മുടന്തി കൊണ്ടായിരുന്നു മെസ്സിഞ്ഞോ കളിക്കളം വിട്ടിരുന്നത്. അദ്ദേഹത്തിന്റെ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
താരത്തിന്റെ ആംഗിളിനും കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്. പക്ഷേ സർജറി ചെയ്യേണ്ടതില്ല എന്നത് ആശ്വാസകരമായ ഒരു കാര്യമാണ്.എന്നിരുന്നാലും പരിക്കിൽ നിന്നും മുക്തനാവാൻ കൂടുതൽ സമയം പിടിക്കും എന്നാണ് അറിയാൻ കഴിയുന്നത്. എത്ര കാലം ഈ 17 കാരൻ പുറത്തിരിക്കേണ്ടി വരും എന്നത് വ്യക്തമായി പാൽമിറാസ് അറിയിച്ചിട്ടില്ല. പക്ഷേ കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.
ബ്രസീലിന്റെ ഭാവി വാഗ്ദാനമായി അറിയപ്പെടുന്ന താരമാണ് മെസ്സിഞ്ഞോ. അവസാനമായി കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഇദ്ദേഹത്തെ സ്വന്തമാക്കിയിട്ടുണ്ട്.പക്ഷേ 18 വയസ്സ് പൂർത്തിയായതിനുശേഷം മാത്രമായിരിക്കും താരം ചെൽസിയിലേക്ക് എത്തുക.