മുള്ളർ ട്രോഫി : ബാലൺ ഡി’ഓറിനൊപ്പം പുതിയ പുരസ്കാരം പ്രഖ്യാപിച്ച് ഫ്രാൻസ് ഫുട്ബോൾ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം വരുന്ന ഒക്ടോബർ പതിനേഴാം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുക. ഇതിനുള്ള 30 പേരുടെ ഷോർട്ട് ലിസ്റ്റ് നേരത്തെതന്നെ ഫ്രാൻസ് ഫുട്ബോൾ പ്രസിദ്ധീകരിച്ചിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി ഈ ചുരുക്കപ്പട്ടികയിൽ ഇല്ലാത്തത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത കരിം ബെൻസിമക്ക് തന്നെയാണ് ഈ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ ഈ ബാലൺ ഡി’ഓർ പുരസ്കാരത്തിനോടൊപ്പം പുതിയ ഒരു ട്രോഫി കൂടി ഇപ്പോൾ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുള്ളർ ട്രോഫി എന്നാണ് ഇതിന് നാമകരണം ചെയ്തിട്ടുള്ളത്.

1970-ലെ ബാലൺ ഡി’ഓർ പുരസ്കാര ജേതാവും ഇതിഹാസവുമായ ജെർഡ് മുള്ളറുടെ പേരിലാണ് ഈ ട്രോഫി അറിയപ്പെടുക. അതായത് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്ട്രൈക്കർക്കാണ് ഈ പുരസ്കാരം സമ്മാനിക്കുക എന്നാണ് ഫ്രാൻസ് ഫുട്ബോൾ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയാണ് ഈ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ നൽകാൻ ആരംഭിച്ചിരുന്നത്. റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു ടോപ്പ് സ്കോറർക്കുള്ള ഈ പുരസ്കാരം നേടിയത്. എന്നാൽ അന്ന് ഇതിന് മുള്ളർ ട്രോഫി എന്ന പേര് ലഭിച്ചിരുന്നില്ല. ഈ വർഷം മുതലാണ് ഈ പുരസ്കാരം മുള്ളർ ട്രോഫി എന്ന പേരിൽ അറിയപ്പെടുക.

ഈ വർഷം ആരായിരിക്കും മുള്ളർ ട്രോഫി നേടുക എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ബെൻസിമയും ലെവന്റോസ്ക്കിയും 50 ഗോളുകൾ വീതം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആർക്കായിരിക്കും മുള്ളർ ട്രോഫി ലഭിക്കുക എന്നുള്ളത് അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *