മിന്നലിനെ വരെ അതിജീവിച്ച് ജർമ്മനി, നിലവിലെ ചാമ്പ്യന്മാർ പുറത്ത്!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇറ്റലിക്ക് തോൽവി.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലാന്റാണ് ഇറ്റലിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് പടയുടെ വിജയം. ഇതോടെ നിലവിലെ ജേതാക്കളായ ഇറ്റലി പുറത്താവുകയും സ്വിറ്റ്സർലാന്റ് ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
അർഹിച്ച വിജയമാണ് സ്വിസ് പട സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ ഇറ്റലിക്ക് മേൽ ആധിപത്യം പുലർത്താനും അവർക്ക് സാധിച്ചു.37ആം മിനുട്ടിൽ ഫ്രൂളർ സ്വിസിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് 46ആം മിനുട്ടിൽ വാർഗാസ് കൂടി ഗോൾ നേടിയതോടെ സ്വിസ് വിജയം ഉറപ്പിക്കുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ വാർഗാസാണ് മത്സരത്തിൽ തിളങ്ങിയത്.
അതേസമയം ആതിഥേയരായ ജർമ്മനി വിജയം സ്വന്തമാക്കിയിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ഡെന്മാർക്കിനെ തോൽപ്പിച്ചത്.ഇടിമിന്നൽ കാരണം മത്സരം ഇടക്ക് തടസ്സപ്പെട്ടിരുന്നു.അതെല്ലാം അതിജീവിച്ചു കൊണ്ടാണ് ജർമ്മനി വിജയം സ്വന്തമാക്കിയിട്ടുള്ളത്.ഹാവർട്സും മുസിയാലയും നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.സ്പെയിൻ-ജോർജിയ മത്സരത്തിലെ വിജയികളെയാണ് ജർമ്മനി നേരിടേണ്ടത്.