മികച്ച പരിശീലകനുള്ള ലിസ്റ്റിൽ ബിയൽസയും, അനർഹനെന്ന് സ്പാനിഷ് മാധ്യമങ്ങൾ !

ഇന്നലെയായിരുന്നു ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന്റെ മൂന്നംഗ ചുരുക്കപ്പട്ടികകൾ പുറത്ത് വിട്ടത്. ഇതിൽ ഏറ്റവും മികച്ച പരിശീലകനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് രണ്ട് പ്രീമിയർ ലീഗ് പരിശീലകരും ഒരു ബുണ്ടസ്ലിഗ പരിശീലകനുമാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്, പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്, പ്രീമിയർ ലീഗിലെ തന്നെ ലീഡ്‌സ് യുണൈറ്റഡ് പരിശീലകൻ മാഴ്‌സെലോ ബിയൽസ എന്നിവരാണ് ഇതിൽ ഇടം നേടിയത്. എന്നാൽ മാഴ്‌സെലോ ബിയൽസക്ക്‌ ഇതിൽ ഇടം നേടാൻ അർഹതയില്ലെന്ന് ആരോപണം ശക്തമാവുന്നുണ്ട്. പ്രത്യേകിച്ച് സ്പാനിഷ് മാധ്യമങ്ങൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

ലീഡ്‌സ് യുണൈറ്റഡിന് പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിക്കൊടുത്തു എന്ന് മാത്രമാണ് ബിയൽസയുടെ നേട്ടമായി പറയാനുള്ളത്. ഇതിനെതിരെയാണ് മാർക്ക ഉൾപ്പെടുന്ന സ്പാനിഷ് മാധ്യമങ്ങൾ പ്രതിഷേധമറിയിച്ചത്. ലാലിഗ നേടിയ റയൽ പരിശീലകൻ സിദാൻ, യൂറോപ്പ ലീഗ് നേടിയ സെവിയ്യ പരിശീലകൻ ജൂലെൻ ലോപെട്യുഗി എന്നിവരെ തഴഞ്ഞതാണ് സ്പാനിഷ് മാധ്യമങ്ങളെ ചൊടിപ്പിച്ചത്. അതേസമയം പിഎസ്ജി പരിശീലകൻ തോമസ് ടുഷലിനേയും ഫിഫ തഴഞ്ഞിട്ടുണ്ട്. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച ടുഷൽ ലീഗ് വൺ കിരീടമുൾപ്പടെ മൂന്നോളം ഫ്രഞ്ച് കിരീടങ്ങളും നേടിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയും ബിയൽസയേക്കാൾ അർഹർ മറ്റു പലർക്കുമുണ്ടായിരുന്നുവെന്നാണ് അഭിപ്രായങ്ങൾ. അതേസമയം ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്കിനാണ് സാധ്യതകൾ കൂടുതൽ. ചാമ്പ്യൻസ് ലീഗും ജർമ്മനിയിലെ സാധ്യമായ എല്ലാ കിരീടങ്ങളും ഫ്ലിക്ക് വാരിക്കൂട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *