മാൽക്കം രക്ഷകൻ, സ്പെയിനിനെ തകർത്ത് ബ്രസീൽ ഒളിമ്പിക് ചാമ്പ്യൻമാർ!

തുടർച്ചയായി രണ്ടാം തവണയും ഒളിമ്പിക് ഗോൾഡ് മെഡലിൽ മുത്തമിട്ട് ബ്രസീൽ. ഫൈനലിൽ കരുത്തരായ സ്പെയിനിനെ കീഴടക്കി കൊണ്ടാണ് ബ്രസീൽ ഒളിമ്പിക് സ്വർണം നിലനിർത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി അധികസമയത്ത് ഗോൾ നേടിയ മാൽക്കമാണ് ബ്രസീലിന്റെ രക്ഷകനായത്.ബ്രസീലിന്റെ ആദ്യഗോൾ കുൻഹ നേടിയപ്പോൾ സ്പെയിനിന്റെ ഗോൾ നേടിയത് ഒയർസബാലായിരുന്നു.

മത്സരത്തിന്റെ 38-ആം മിനുട്ടിൽ തന്നെ ബ്രസീലിന് ലീഡ് നേടാനുള്ള സുവർണ്ണാവസരം ലഭിച്ചിരുന്നു. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി റിച്ചാർലീസൺ പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കുൻഹ ബ്രസീലിന് ലീഡ് നേടി കൊടുക്കുകയായിരുന്നു. ഡാനി ആൽവസിന്റെ അസിസ്റ്റിൽ നിന്നാണ് കുൻഹ ഗോൾ നേടിയത്.എന്നാൽ 61-ആം മിനുട്ടിൽ തകർപ്പൻ ഷോട്ടിലൂടെ ഒയർസബാൽ സ്പെയിനിന് സമനില നേടിക്കൊടുത്തു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു.എന്നാൽ 108-ആം മിനുട്ടിൽ ആന്റണിയുടെ പാസിൽ നിന്ന് മാൽക്കം വലകുലുക്കിയതോടെ ബ്രസീൽ സ്വർണ്ണം ഉറപ്പിക്കുകയായിരുന്നു. ഇതോടെ 2016 റിയോ ഒളിമ്പിക്സിൽ നേടിയ സ്വർണം നിലനിർത്താൻ ബ്രസീലിനായി.

Leave a Reply

Your email address will not be published. Required fields are marked *