മാറ്റം എളുപ്പമല്ല, ക്ഷമ വേണം: ബ്രസീൽ കോച്ച് പറയുന്നു!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.ചിലിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചിലി ലീഡ് എടുത്തു.എന്നാൽ ഇഗോർ ജീസസ്,ലൂയിസ് ഹെൻറിക്ക് എന്നിവർ നേടിയ ഗോളുകളിലൂടെ ബ്രസീൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ബ്രസീലിന് ഈ വിജയം ആത്മവിശ്വാസം പകരുന്ന ഒരു കാര്യമാണ്. മത്സരശേഷം ഒരുപാട് കാര്യങ്ങളെക്കുറിച്ച് പരിശീലകനായ ഡൊറിവാൽ ജൂനിയർ സംസാരിച്ചിട്ടുണ്ട്. ഒരു മാറ്റം വേഗത്തിൽ നടക്കില്ലെന്നും ആരാധകർ ക്ഷമ കാണിക്കേണ്ടതുണ്ട് എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഉടനടി ഒരു മാറ്റം എളുപ്പമല്ല.വേൾഡ് കപ്പിലെ അവസാന മത്സരത്തിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ മാത്രം വെച്ചുകൊണ്ടാണ് നമ്മൾ ഈ മത്സരത്തിൽ കളിച്ചിട്ടുള്ളത്.കഴിഞ്ഞ വേൾഡ് കപ്പിൽ ഉണ്ടായിരുന്ന സ്ട്രക്ചർ അല്ല ഇപ്പോൾ നമുക്കുള്ളത്.ഒരുപാട് പുതിയ താരങ്ങളാണ്.കഴിഞ്ഞ രണ്ടു വർഷമായി ഒരു മികച്ച ടീം തന്നെ നമുക്കുണ്ട്. എന്നിട്ടും നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വർക്ക് തുടങ്ങുന്നതിന് മുൻപേ തന്നെ വിജയം ആഗ്രഹിക്കുന്നവരാണ് ഇവിടെയുള്ളവരിൽ പലരും.എന്നാൽ അത് സാധ്യമല്ല. മാറ്റം എല്ലാവരും ആവശ്യപ്പെടുന്നുണ്ട്,പക്ഷേ അത് എളുപ്പത്തിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല.വർക്ക് തുടങ്ങുന്നതിനു മുൻപേ വിജയം കാണുക എന്നുള്ളത് ഡിക്ഷണറിയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്.അതൊരിക്കലും നടക്കില്ല.ക്ഷമ ആവശ്യമാണ്. നമുക്ക് ഒരു വണ്ടർഫുൾ ആയ മത്സരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ നമ്മൾ വളർച്ചയുടെ പാതയിൽ തന്നെയാണ്. ആരാധകരുടെ പിന്തുണയോടെ കൂടി ഞങ്ങൾക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് കാണിച്ചു കൊടുക്കേണ്ടതുണ്ട്. ഇനിയും കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട് “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ വിജയം ബ്രസീലിന് കോൺഫിഡൻസ് പകർന്ന് നൽകുന്ന ഒന്നാണ്. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. അടുത്ത മത്സരത്തിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 6:15നാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *