മാരക്കാനയുടെ മുക്കും മൂലയും എനിക്കറിയാം : പക്വറ്റ!

ഈ കോപ്പ അമേരിക്കയിൽ ബ്രസീലിന് വേണ്ടി നിർണായകമായ പ്രകടനമാണ് മധ്യനിര താരമായ ലുക്കാസ് പക്വറ്റ കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രസീൽ വിജയിച്ചു കയറിയത് പക്വറ്റയുടെ ഗോൾ വഴിയായിരുന്നു.ക്വാർട്ടറിൽ ചിലിക്കെതിരെയും സെമിയിൽ പെറുവിനെതിരെയും വിജയഗോൾ നേടിയത് പക്വറ്റയായിരുന്നു. അർജന്റീനക്കെതിരെയുള്ള ഫൈനലിൽ താരം സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഏതായാലും ഫൈനൽ നടക്കുന്ന മാരക്കാനയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മാരക്കാനയുടെ മുക്കും മൂലയും തനിക്ക് നന്നായി അറിയാമെന്നും തന്റെ രണ്ടാമത്തെ വീടാണ് മാരക്കാന എന്നുമാണ് ഇദ്ദേഹം അറിയിച്ചത്. ഫ്ലെമെങ്കോക്ക് വേണ്ടി കളിക്കുന്ന സമയത്ത് മാരക്കാനയിലായിരുന്നു അധികസമയവും കളിച്ചിരുന്നത്. കൂടാതെ സഹതാരമായ നെയ്മറെ പ്രശംസിക്കാനും പക്വറ്റ സമയം കണ്ടെത്തി. തന്നെ ഒരുപാട് സഹായിച്ച താരമാണ് നെയ്മർ എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

” മാരക്കാനയുടെ മുക്കും മൂലയും എനിക്ക് സുപരിചിതമാണ്. അവിടെ കളിക്കാൻ അവസരം ലഭിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.ഫ്ലെമെങ്കോയിൽ കളിച്ചിരുന്ന കാലത്ത് ഞാൻ കൂടുതലൊന്നും നേടിയില്ലായിരുന്നുവെങ്കിലും ഫ്ലെമെങ്കോയിൽ ഞാൻ ഹാപ്പിയായിരുന്നു. ഇപ്പോൾ ബ്രസീലിനൊപ്പം മാരക്കാനയിൽ കിരീടമുയർത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.മാരക്കാന എന്റെ രണ്ടാമത്തെ വീടാണ്.ബ്രസീലിലെ ഏറ്റവും മികച്ച സ്റ്റേഡിയവുമാണ്.ഏറ്റവും മികച്ച രീതിയിൽ കളിച്ച് കിരീടമുയർത്താൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുക.ഞാൻ ഒരുപാട് സൗഹൃദമത്സരങ്ങൾ കളിച്ചിട്ടുണ്ട്.അതെന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.ഇതിപ്പോൾ ഒരു ഒഫീഷ്യൽ കോമ്പിറ്റീഷനാണ്.കളത്തിൽ ഏത് വിധേനെയും ടീമിനെ സഹായിക്കാൻ ഞാൻ സജ്ജനാണ്.ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്. എന്നാൽ അതിലും പ്രധാനപ്പെട്ട കാര്യം ഞങ്ങളുടെ ഗ്രൂപ്പിന്റെ വിജയമാണ് ” പക്വറ്റ പറഞ്ഞു.

കൂടാതെ നെയ്മറെ കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ” നെയ്മർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.കളത്തിൽ ഇരുവർക്കും പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.നല്ല രീതിയിൽ മുന്നോട്ട് പോവുന്നുമുണ്ട്. അതിന് ദൈവത്തോട് നന്ദി പറയുന്നു.അദ്ദേഹത്തിന്റെ സാന്നിധ്യം എന്റെ മനസ്സിന് ഒരു സമാധാനം നൽകുന്നതാണ്. അദ്ദേഹത്തെയും ടീമിനെയും സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കും ” പക്വറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *