മറക്കാനാവാത്ത രാത്രി, നെയ്മറുടെ വലിയ ആരാധകനാണ് ഞാൻ : റഫീഞ്ഞ!

ഇന്ന് ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാൻ ബ്രസീലിയൻ താരമായ റഫീഞ്ഞക്ക്‌ സാധിച്ചിരുന്നു. ബ്രസീലിനായി വളരെ കുറഞ്ഞ സമയം മാത്രം കളിച്ച താരം ഇതുവരെ രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിക്കഴിഞ്ഞു. ബ്രസീലിയൻ ആരാധകർ വലിയ പ്രതീക്ഷയാണ് ഈ ലീഡ്‌സ് താരത്തിൽ വെച്ച് പുലർത്തുന്നത്.

ഏതായാലും മത്സരശേഷം വളരെ സന്തോഷത്തോട് കൂടി സംസാരിച്ചിരിക്കുകയാണ് റഫീഞ്ഞ. ഒരിക്കലും മറക്കാനാവാത്ത രാത്രി എന്നാണ് റഫീഞ്ഞ ഇതിനെ വിശേഷിപ്പിച്ചത്. കൂടാതെ സഹതാരമായ നെയ്മറെ കുറിച്ചും റഫീഞ്ഞ മനസ്സ് തുറന്നിട്ടുണ്ട്. നെയ്മറുടെ വലിയൊരു ആരാധകനാണ് താൻ എന്നാണ് റഫീഞ്ഞ അറിയിച്ചത്. റഫീഞ്ഞയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മറായിരുന്നു. മത്സരശേഷം റഫീഞ്ഞ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനൊരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരു രാത്രിയാണിത്. ഇത്‌ അവസാനിക്കരുതേ എന്ന് ഞാൻ ആശിക്കുന്നു.ഞാൻ ഇവിടെ എത്താൻ കാരണമായത് എന്താണോ അതിൽ തന്നെ ഞാൻ ശ്രദ്ധ ചെലുത്തും.എന്റെ ജോലി ഭംഗിയായി നിർവഹിക്കാനുള്ള ശ്രമങ്ങളാണ് ഞാൻ നടത്തുക.എന്റെ സന്തോഷം വിവരിക്കാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല.ഈ ഗോളുകളും വിജയവും എന്നെ പിടിച്ചു നിർത്തില്ല. എന്റെ കുട്ടിക്കാലത്തെ സ്വപ്നമാണ് സാക്ഷാൽക്കാരമായിരിക്കുന്നത്. ബ്രസീലിന്റെ ജേഴ്‌സി അണിയൽ മാത്രമായിരുന്നില്ല, ആ ജേഴ്സിയിൽ ഒരു ഗോൾ ആഘോഷിക്കൽ കൂടി എന്റെ സ്വപ്നമായിരുന്നു ” ഇതാണ് റഫീഞ്ഞ അറിയിച്ചത്.

അതേസമയം സൂപ്പർ താരം നെയ്മർ ജൂനിയറെ കുറിച്ച് റഫീഞ്ഞ അറിയിച്ചത് ഇങ്ങനെയാണ്. ” നെയ്മർക്കൊപ്പം കളിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്.ഞാൻ നെയ്മറുടെ വലിയ ഒരു ആരാധകനാണ്.തീർച്ചയായും അദ്ദേഹം എന്നെ വലിയ തോതിൽ പ്രചോദിപ്പിച്ചിട്ടുണ്ട്.അദ്ദേഹം എതിരാളികളെ അറ്റാക്ക് ചെയ്യുന്ന രീതി എനിക്ക് പ്രചോദനമാണ്.നെയ്മറുടെ പ്രകടനങ്ങളുടെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. നെയ്മർക്കൊപ്പം കളിക്കുക എന്നുള്ളത് സ്വപ്നസാക്ഷാൽക്കാരമാണ് ” റഫീഞ്ഞ പറഞ്ഞു.

ഏതായാലും നെയ്മർ-റഫീഞ്ഞ കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയാണ് ബ്രസീലിയൻ ആരാധകർ വെച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *