മരിക്കുംവരെ സിദാൻ അതിന് മാപ്പ് നൽകില്ല :മറ്റരാസിയോട് ഡുഗാരി
2006 വേൾഡ് കപ്പ് ഫൈനലിൽ ഇറ്റലിയും ഫ്രാൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.അന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു.മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാർഡ് ലഭിച്ചത്.സിദാനെ വളരെ മോശമായ രീതിയിലാണ് അന്ന് മറ്റരാസി പ്രകോപിപ്പിച്ചത് എന്നാണ് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
മുൻ ഫ്രഞ്ച് താരമായിരുന്ന ക്രിസ്റ്റോഫ് ഡുഗാരി ഈ വിഷയത്തെക്കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. മരിക്കുംവരെ സിദാൻ അക്കാര്യത്തിൽ മറ്റരാസിക്ക് മാപ്പ് നൽകില്ല എന്നാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“സിദാൻ ഒരിക്കലും മറ്റരാസിയോട് പൊറുക്കില്ല. കഴിഞ്ഞ കുറെ വർഷമായി ഈ സംഭവം വച്ചുകൊണ്ട് മറ്റരാസി സ്വയം പ്രമോട്ട് ചെയ്യുകയാണ്.അതിനെ പരിഹസിച്ച് ചിരിക്കുന്നു.സിദാനെ മോശമായ രീതിയിൽ പ്രകോപിപ്പിച്ചതിൽ അദ്ദേഹം അഭിമാനം കൊള്ളുകയാണ് ചെയ്യുന്നത്. കരിയറിൽ ഉടനീളം വൃത്തികെട്ട കാര്യങ്ങൾ ചെയ്ത താരമാണ് മറ്റരാസി.തീർച്ചയായും സിദാൻ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ ഒരിക്കലും അഭിമാനം കൊള്ളുന്നുണ്ടാവില്ല. പക്ഷേ മറ്റരാസിയുടെ പെരുമാറ്റം എങ്ങനെയായിരുന്നു? മരിച്ചാൽ പോലും സിദാൻ മറ്റരാസിക്ക് മാപ്പ് നൽകില്ല.സിദാൻ ഇതേക്കുറിച്ച് ഒരിക്കലും സംസാരിക്കാറില്ല. എന്നാൽ മറ്റരാസി അങ്ങനെയല്ല.അദ്ദേഹം ഒരു കോമാളിയെ പോലെ ഇപ്പോഴും തുടരുകയാണ്. ഞങ്ങൾ അത് കാര്യമാക്കുന്നില്ല ” ഇതാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്.
ആ വേൾഡ് കപ്പിന് ശേഷം സിദാൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പരിശീലകൻ എന്ന നിലയിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞു.റയൽ മാഡ്രിഡിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.നിലവിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ഫുട്ബോൾ ലോകത്ത് തുടരുകയാണ്.