മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തി,ബ്രസീലിയൻ താരത്തെ പുറത്താക്കി ക്ലബ്!

ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസ് തങ്ങളുടെ ബ്രസീലിയൻ താരമായ റെനാൻ സിൽവയെ ക്ലബ്ബിൽ നിന്നും പുറത്താക്കി. ഇരുപതുകാരനായ താരം മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും ഒരു വ്യക്തി കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് താരത്തെ ക്ലബ്ബ് പുറത്താക്കിയിട്ടുള്ളത്. പ്രമുഖ മാധ്യമമായ മാർക്കയാണ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ ലോൺ അടിസ്ഥാനത്തിൽ റെഡ് ബുൾ ബ്രാഗാന്റിനോക്ക് വേണ്ടിയാണ് റെനാൻ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.സാവോപോളോയിൽ വെച്ച് തന്നെയാണ് ഈ അപകടം നടന്നിട്ടുള്ളത്. മദ്യപിച്ചുകൊണ്ട് വാഹനമോടിച്ച റെനാൻ തെറ്റായ ദിശയിലേക്ക് കയറുകയും 38-കാരനായ ബൈക്ക് യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ റെഡ് ബുൾ ബ്രാഗാന്റിനൊ താരത്തിന്റെ ലോൺ കരാർ വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ പാൽമിറാസും താരത്തെ പുറത്താക്കി.

താരം അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. താരം ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചത് എന്നുള്ളതിനാൽ വലിയ രൂപത്തിലുള്ള ശിക്ഷ തന്നെ താരത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.2019-ൽ വേൾഡ് കപ്പ് നേടിയ ബ്രസീലിന്റെ അണ്ടർ 17 ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് റെനാൻ സിൽവ. മാത്രമല്ല പാൽമിറാസിന് വേണ്ടി കഴിഞ്ഞവർഷം ആകെ 41 മത്സരങ്ങൾ കളിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിനുശേഷമായിരുന്നു താരം ലോൺ അടിസ്ഥാനത്തിൽ റെഡ് ബുള്ളിലേക്ക് ചേക്കേറിയത്.

പ്രതിരോധനിര താരമായ റെനാൻ സിൽവ ബ്രസീലിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായിരുന്നു. എന്നാൽ ഈ അപകടം അദ്ദേഹത്തിന്റെ കരിയറിനെ വലിയ രൂപത്തിൽ പ്രതികൂലമായി ബാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *