മത്സരങ്ങൾ നോർത്ത് അമേരിക്കൻ ടീമുകൾക്കെതിരെ,ജർമനിക്കെതിരെ വിമർശനവുമായി ടുഷെൽ.

ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് വമ്പന്മാരായ ജർമ്മനി കളിക്കുക. ഒക്ടോബർ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ അമേരിക്കയും ഒക്ടോബർ പതിനെട്ടാം തീയതി നടക്കുന്ന മത്സരത്തിൽ മെക്സിക്കോയുമാണ് ജർമനിയുടെ എതിരാളികൾ.ജർമ്മനിക്ക് ഇത് എവേ മത്സരമാണ്. നോർത്ത് അമേരിക്കയിൽ വച്ചുകൊണ്ടാണ് ഈ മത്സരങ്ങൾ നടക്കുന്നത്.

അടുത്തവർഷം സ്വന്തം നാട്ടിൽവെച്ചു കൊണ്ടാണ് ജർമ്മനി യുറോ കപ്പ് കളിക്കുക. ഈയൊരു അവസരത്തിൽ,ഇത്രയും ടൈറ്റായിട്ടുള്ള ഷെഡ്യൂളുകൾക്കിടയിൽ നോർത്ത് അമേരിക്കയിൽ മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ച ജർമ്മൻ ഫുട്ബോൾ അസോസിയേഷനെതിരെ ബയേണിന്റെ പരിശീലകനായ തോമസ് ടുഷെൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഇതേക്കുറിച്ച് ടുഷെൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സ്വന്തം രാജ്യത്ത് വെച്ച് ഒരു പ്രധാനപ്പെട്ട ടൂർണമെന്റ് നടക്കുന്നതിന് മുന്നേ നോർത്ത് അമേരിക്കയിൽ വെച്ച് മത്സരങ്ങൾ കളിക്കുന്നതിനോട് എനിക്ക് യാതൊരുവിധ താൽപര്യവുമില്ല. ഇതിന്റെ പിന്നിലെ ലോജിക്ക് എന്താണ് എന്നത് എനിക്ക് മനസ്സിലാവുന്നില്ല. ആരാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുത്തത് എന്നും എനിക്ക് മനസ്സിലാകുന്നില്ല. ബിസി ഷെഡ്യൂളാണ്, മാത്രമല്ല ഏറെ ദൂരെയാണ് ഈ മത്സരങ്ങൾ നടക്കുന്നത്,വ്യത്യസ്തമായ സമയങ്ങളാണ്, ക്ഷമക്ക് ഒരു അതിരുണ്ട്. എല്ലാവരുടെയും ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണ്. ഏതൊരു പരിശീലകനാണെങ്കിലും ഈ അഭിപ്രായം തന്നെയാണ് ഉണ്ടാവുക ” ഇതാണ് ബയേണിന്റെ പരിശീലകനായ ടുഷെൽ പറഞ്ഞിട്ടുള്ളത്.

ജർമ്മനിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ജൂലിയൻ നഗൽസ്മാനാണ് ഈ വരുന്ന മത്സരങ്ങളിൽ അവരെ പരിശീലിപ്പിക്കുക.സമീപകാലത്ത് വളരെ മോശം പ്രകടനം നടത്തിയതിന് തുടർന്നായിരുന്നു ഹാൻസി ഫ്ലിക്കിന് അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം നഷ്ടമായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *