മഗ്വയ്റിനെ ബാധിച്ചത് ആത്മവിശ്വാസക്കുറവ്, താരത്തിന്റെ മോശം സമയത്തും പിന്തുണയുമായി മുൻ താരം !

ഇന്നലെ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധനിര താരം ഹാരി മഗ്വയ്‌ർ മുപ്പത്തിയൊന്നാം മിനിറ്റിൽ തന്നെ റെഡ് കാർഡ് പുറത്ത് പോയിരുന്നു. തുടർന്ന് മത്സരത്തിൽ ഒരു ഗോളിന് ഇംഗ്ലണ്ട് പരാജയം രുചിക്കുകയും ചെയ്തു. നിലവിൽ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് മഗ്വയ്‌ർ കടന്നു പോവുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയാലും ഇംഗ്ലണ്ടിൽ ആയാലും താരം പിഴവുകൾ ആവർത്തിക്കുകയാണ്. ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 6-1 ന് തോറ്റ മത്സരത്തിൽ താരത്തിന്റെ മോശം പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ ജാമി റെഡ്നാപ്പ്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് റെഡ്നാപ്പ് താരത്തെ പിന്തുണച്ചത്. മഗ്വയ്റിന്റെ ജീവിതത്തിൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും അതിന്റെ ഫലമായി ഉണ്ടാവുന്ന ആത്മവിശ്വാസക്കുറവാണ് താരത്തെ ബാധിച്ചിരിക്കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

” ഒരിടത്ത് ഇരുന്നുകൊണ്ട് അദ്ദേഹത്തെ വിമർശിക്കുക എന്നുള്ളത് വളരെ ലളിതമായ കാര്യമാണ്. പക്ഷെ അദ്ദേഹം കടന്നു പോവുന്നത് ഒരു ദുസ്വപ്നത്തിലൂടെയാണ്. അദ്ദേഹം ഗോളുകൾ വഴങ്ങുന്നു. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോവുന്നത്. അദ്ദേഹം തിരിച്ചു വരേണ്ടതുണ്ട്. അദ്ദേഹം കളിക്കുന്നത് കണ്ടാൽ അറിയാം, അദ്ദേഹത്തെ ആത്മവിശ്വാസക്കുറവ് ബാധിച്ചിട്ടുണ്ട് എന്ന്. തന്റെ ആത്മവിശ്വാസം അദ്ദേഹം തിരിച്ചു പിടിക്കേണ്ടതുണ്ട്. നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. അദ്ദേഹത്തിന് ആവിശ്യമായ സമയം നാം നൽകണം ” റെഡ്നാപ് അഭിമുഖത്തിൽ പറഞ്ഞു. വെംബ്ലി സ്റ്റേഡിയത്തിൽ റെഡ് കാർഡ് വഴങ്ങുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് മഗ്വയ്ർ.

Leave a Reply

Your email address will not be published. Required fields are marked *