ബ്രസീൽ ടീമിൽ നിന്നും വിരമിക്കാൻ ആലോചിച്ചു, തടഞ്ഞത് അവർ: നെയ്മർ പറയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു ബ്രസീൽ പുറത്തായത്.നെയ്മർ ബ്രസീലിനു വേണ്ടി മികച്ച പ്രകടനം നടത്തുകയും ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു. ഹൃദയം തകർന്നു കൊണ്ടായിരുന്നു നെയ്മർ അന്ന് കളം വിട്ടിരുന്നത്.

അതിനുശേഷം നെയ്മർ ബ്രസീലിനു വേണ്ടി ഒരൊറ്റ മത്സരം പോലും കളിച്ചിരുന്നില്ല.ബ്രസീൽ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ പോലും താൻ ആലോചിച്ചിരുന്നു എന്നുള്ള കാര്യം നെയ്മർ ജൂനിയർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ തന്റെ കുടുംബമാണ് അതിൽ നിന്ന് തടഞ്ഞതെന്നും നെയ്മർ കൂട്ടിച്ചേർത്തു.ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെയ്മർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ തലയിൽ മുഴുവനും ആ തോൽവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഞാൻ വളരെയധികം ദുഃഖിതനായിരുന്നു.ബ്രസീൽ ദേശീയ ടീമിനോടൊപ്പം 13 വർഷങ്ങളായി ഞാൻ തുടരുന്നു.എന്നെങ്കിലും ഒരിക്കൽ ഇത് അവസാനിപ്പിക്കേണ്ടതാണ്.അതുകൊണ്ടുതന്നെ ഇനി കളിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഉണ്ടായി.ഇനി കളിക്കേണ്ടതില്ല എന്ന ആലോചനകൾ എനിക്കുണ്ടായി. പക്ഷേ എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എനിക്ക് ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ മികച്ച പ്രകടനം നടത്തുമ്പോഴും നിങ്ങൾക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാകും.എന്നാൽ എന്റെ കുടുംബം എനിക്ക് അർഹിച്ച പരിഗണന നൽകി.ബ്രസീൽ ദേശീയ ടീമിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് സന്തോഷം കണ്ടെത്താൻ അവർ തന്നെയാണ് പ്രചോദനമായത് “നെയ്മർ ജൂനിയർ പറഞ്ഞു.

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലും ബൊളിവിയയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാവിലെ ഇന്ത്യൻ സമയം 6 :15ന് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക. നെയ്മർ ജൂനിയർ ഈ മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *