ബ്രസീൽ ടീമിന്റെ പുതിയ നായകനാണോ? പ്രതികരിച്ച് സാവിയോ!
വരുന്ന വെള്ളിയാഴ്ചയാണ് ഒരു വേൾഡ് കപ്പ് യോഗ്യത മത്സരം കൂടി ബ്രസീൽ കളിക്കുന്നത്. എതിരാളികൾ ചിലിയാണ്. വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30ന് ചിലിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ബ്രസീൽ ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ സാവിയോ സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിക്ക് കാരണം കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിന് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന സാവിയോയിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. നിലവിൽ നെയ്മറോ വിനിയോ ബ്രസീൽ ടീമിനോടൊപ്പം ഇല്ല. അതുകൊണ്ടുതന്നെ ബ്രസീൽ ടീമിന്റെ പുതിയ നായകൻ നിങ്ങളാണോ എന്ന് സാവിയോയോട് പത്രസമ്മേളനത്തിൽ ചോദിക്കപ്പെട്ടിരുന്നു. എന്നാൽ എല്ലാവർക്കും ഒരേ ഉത്തരവാദിത്വമാണ് ഇവിടെ ഉള്ളത് എന്നുള്ള മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.സാവിയോയുടെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ടീമിനെ സഹായിക്കുന്ന കാര്യത്തിൽ തീർച്ചയായും ഞാൻ എന്റേതായ ഉത്തരവാദിത്വം ഏറ്റെടുക്കും.പക്ഷേ ഞാൻ മാത്രമല്ല ഇവിടെയുള്ളത്.റോഡ്രിഗോ,മാർട്ടിനെല്ലി,പക്കേറ്റ,ബ്രൂണോ,എൻഡ്രിക്ക് തുടങ്ങിയവരൊക്കെ ഇവിടെയുണ്ട്.എല്ലാവരും അവരുടേതായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നവരാണ്.എതിരാളികൾക്കെതിരെ ഒരുമിച്ച് നിൽക്കുക എന്നുള്ളതാണ് ഞങ്ങൾ ചെയ്യുക “ഇതാണ് സിറ്റി സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
കൂടാതെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. രണ്ട് മാസം മാത്രമാണ് അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതെന്നും ഭാവിയിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും സാവിയോ പറഞ്ഞിട്ടുണ്ട്. താൻ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ് പെപ് എന്നും ഈ ബ്രസീലിയൻ താരം കൂട്ടിച്ചേർന്നിട്ടുണ്ട്.