ബ്രസീൽ കളിക്കുന്നത് ഫുട്ബോൾ അല്ല: ആഞ്ഞടിച്ച് സ്പാനിഷ് സൂപ്പർ താരം!
ഒളിമ്പിക്സിൽ നടക്കുന്ന വനിത ഫുട്ബോളിൽ കലാശ പോരാട്ടത്തിന് യോഗ്യത നേടാൻ സൗത്ത് അമേരിക്കൻ വമ്പന്മാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. സെമി ഫൈനൽ പോരാട്ടത്തിൽ നിലവിലെ വേൾഡ് കപ്പ് ജേതാക്കളായ സ്പെയിനിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ഫൈനലിൽ കരുത്തരായ അമേരിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. അതേസമയം വെങ്കല മെഡലിന് വേണ്ടിയുള്ള പോരാട്ടത്തിൽ സ്പെയിനും ജർമ്മനിയും തമ്മിലാണ് ഏറ്റുമുട്ടുക.
എന്നാൽ ഈ തോൽവിയിൽ ബ്രസീലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ് സ്പാനിഷ് സൂപ്പർതാരമായ ജെന്നി ഹെർമോസോ. ബ്രസീൽ കളിച്ചത് ഫുട്ബോൾ അല്ല എന്നാണ് ഇവർ ആരോപിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഫിസിക്കൽ പ്ലേയേയും ടൈം വേസ്റ്റിംഗിനെയുമാണ് ഇവർ വിമർശിച്ചിട്ടുള്ളത്.ജെന്നി ഹെർമോസോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ നാലു ഗോളുകളാണ് മത്സരത്തിൽ വഴങ്ങിയത്.പക്ഷേ ബ്രസീൽ കളിച്ചിരുന്നത് ഫുട്ബോൾ ആയിരുന്നില്ല.എന്നിരുന്നാലും അവസാനത്തിൽ ഗോളുകൾ മാത്രമാണല്ലോ പരിഗണിക്കുക.അവർ ഞങ്ങളെ നന്നായി പഠിച്ചിരുന്നു. എങ്ങനെ ഞങ്ങളെ കായികമായി നേരിടാൻ എന്ന് അവർക്ക് അറിയാമായിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അത് ഫുട്ബോൾ അല്ല.ഇത്തരം ഫുട്ബോൾ എനിക്ക് ഇഷ്ടമില്ല. അവർ ഞങ്ങളെ ശാരീരികമായി നേരിട്ടു,ഒരുപാട് സമയം പാഴാക്കുകയും ചെയ്തു.അങ്ങനെയാണ് അവർ വിജയിച്ചത്.ഞങ്ങളുടെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്. ഞങ്ങളുടെ നാച്ചുറൽ ഫുട്ബോൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല ” ഇതാണ് സ്പെയിനിന്റെ ക്യാപ്റ്റൻ കൂടിയായ ഹെർമോസോ പറഞ്ഞിട്ടുള്ളത്.
ബ്രസീലും അമേരിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ഓഗസ്റ്റ് പത്താം തീയതി രാത്രി ഇന്ത്യൻ സമയം 8:30നാണ് അരങ്ങേറുക. ബ്രസീലിയൻ ഇതിഹാസമായ മാർത്തയുടെ അവസാന മത്സരം കൂടിയായിരിക്കും ഇത്. എന്നാൽ തകർപ്പൻ ഫോമിൽ കളിക്കുന്നവരാണ് അമേരിക്കയുടെ ടീം.അവരെ പരാജയപ്പെടുത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.