ബ്രസീലിയൻ ഡിഫൻസ് അവതാളത്തിൽ, താൻ വിരമിച്ചിട്ടില്ലെന്ന് തിയാഗോ സിൽവ!

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ച രണ്ടു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ വമ്പൻമാരായ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. രണ്ടാം മത്സരത്തിൽ ഉറുഗ്വയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. ആകെ 3 ഗോളുകളാണ് ബ്രസീൽ ഈ മത്സരങ്ങളിൽ നിന്നും വഴങ്ങിയത്. സെന്റർ ബാക്ക്മാരായ മാർക്കിഞ്ഞോസ്, ഗബ്രിയേൽ മഗല്ലസ് എന്നിവർ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് വലിയ വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്.

വെറ്ററൻ താരമായ തിയാഗോ സിൽവയെ ഇപ്പോൾ ബ്രസീലിന്റെ നാഷണൽ ടീമിലേക്ക് പരിശീലകൻ പരിഗണിക്കാറില്ല. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിലെ സ്ഥിര സാന്നിധ്യമാണ് സിൽവ.എന്നാൽ ബ്രസീലിന്റെ നാഷണൽ ടീമിൽ നിന്നും താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല എന്നുള്ള ഒരു പ്രസ്താവന കഴിഞ്ഞ ദിവസം തിയാഗോ സിൽവ നടത്തിയിട്ടുണ്ട്. അദ്ദേഹം നാഷണൽ ടീമിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് തന്നെയാണ് വ്യക്തമാവുന്നത്. സിൽവയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ യാതൊരു വിധത്തിലുള്ള തീരുമാനങ്ങളും എടുത്തിട്ടില്ല.ബ്രസീലിന്റെ നാഷണൽ ടീമിലേക്ക് പോകേണ്ടതില്ല എന്ന ഒരു തീരുമാനവും ഞാൻ എടുത്തിട്ടില്ല. ഞാൻ വിരമിക്കാൻ തീരുമാനിച്ചിട്ടുമില്ല.CBF വിളിക്കുന്ന ഏത് സമയത്തും ഞാൻ ലഭ്യമായിരിക്കും.എന്നോട് ഇതുവരെ അവർ ഒന്നും പറഞ്ഞിട്ടില്ല. സമീപകാലത്തെ ടീമുകളിൽ എനിക്ക് സ്ഥാനം ലഭിച്ചിട്ടില്ല. ഞാൻ ഇപ്പോഴും അവരെ സഹായിക്കാൻ പ്രാപ്തിയുള്ളവൻ ആണെന്ന് അവർ വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ സഹായിക്കുക തന്നെ ചെയ്യും. അതുവരെ ഞാൻ ചെൽസിയിൽ കാര്യങ്ങളെ വളരെ മികച്ച രൂപത്തിൽ കൈകാര്യം ചെയ്യും.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലീഗിലാണ് ഞാനിപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ കൂടുതൽ മെച്ചപ്പെടാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.

ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്യാൻ സിൽവക്ക് കഴിഞ്ഞിട്ടുണ്ട്. ദീർഘകാലം ബ്രസീലിന്റെ നാഷണൽ ടീമിലെ പ്രതിരോധ കോട്ട കാത്തിരുന്ന താരമാണ് സിൽവ. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഈ സീനിയർ താരത്തെ തിരികെ വിളിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *