ബ്രസീലിയൻ ക്ലബ്ബിലെ നാല് താരങ്ങൾക്ക് ദാരുണാന്ത്യം, ഫുട്ബോൾ ലോകത്ത് വീണ്ടും കണ്ണീർ!

ബ്രസീലിയൻ ക്ലബ്ബ് പാൽമാസിലെ നാലു താരങ്ങൾക്കും ക്ലബ്ബ് പ്രസിഡണ്ടിനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം സംഭവിച്ച ഒരു വിമാനാപകടത്തിലാണ് ക്ലബ്ബ് പ്രസിഡന്റും നാല് താരങ്ങളും മരണമടഞ്ഞത്. കൂടാതെ വിമാനത്തിന്റെ പൈലറ്റും മരണപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ബ്രസീലിയൻ ക്ലബ്ബ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിലെ സീരി ഡി ക്ലബ്ബാണ് പാൽമാസ്.തിങ്കളാഴ്ച്ച കോപ്പ വെർടെയിൽ നടക്കുന്ന മത്സരത്തിൽ വിലാ നോവയെ നേരിടാനുള്ള ഒരുക്കത്തിലായിരുന്നു പാൽമാസ്.അതിന് വേണ്ടി സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്നത് ഈ ആറ് പേരുമായിരുന്നു. ആരും അതിജീവിച്ചിട്ടില്ലെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്ലബ് പ്രസിഡന്റ്‌ ആയ ലുക്കാസ് മെയ്റ,പൈലറ്റ് വാഗ്നർ,താരങ്ങളായ ലുക്കാസ് പ്രാക്സെഡെസ്,ഗിൽഹെർമെ നോ,റാനുലെ,മാർക്കസ് മൊലിനേരി എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ഈ ദുഃഖ വാർത്ത ക്ലബ്ബ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്.അതേസമയം സിബിഎഫും ഇതിൽ ദുഃഖം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ക്ലബിന്റെയും ആരാധകരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായാണ് സിബിഎഫ് അറിയിച്ചത്.കൂടാതെ ബ്രസീലിൽ തിങ്കളാഴ്ച നടക്കുന്ന എല്ലാ മത്സരങ്ങളുടെയും മുൻപേ ഒരു മിനിട്ട് മൗനം ആചരിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.പാൽമസിന്റെ മത്സരവും മാറ്റിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *