ബ്രസീലിന് വൻ തിരിച്ചടി,രണ്ടു സൂപ്പർതാരങ്ങൾ വേൾഡ് കപ്പിൽ നിന്നും പുറത്ത്!
ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രസീൽ ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. കാമറൂൺ ആയിരുന്നു എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിന് അട്ടിമറിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാവാതെ പോയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.
മാത്രമല്ല സൂപ്പർ താരങ്ങളായ അലക്സ് ടെല്ലസ്, ഗബ്രിയേൽ ജീസസ് എന്നിവർ പരിക്ക് മൂലം കളം വിട്ടിരുന്നു. ഇപ്പോഴിതാ ഈ രണ്ടു താരങ്ങളുടെയും മെഡിക്കൽ റിപ്പോർട്ട് പുറത്തേക്ക് വന്നിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. രണ്ട് താരങ്ങൾക്കും ഖത്തർ വേൾഡ് കപ്പിൽ ഇനി കളിക്കാൻ സാധിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Confira detalhes! https://t.co/QOCWcoBTnW
— ge (@geglobo) December 3, 2022
പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഗബ്രിയേൽ ജീസസിന് തന്റെ പരിക്കിൽ നിന്നും മുക്തി നേടാൻ മൂന്ന് ആഴ്ചത്തെ വിശ്രമം ആവശ്യമാണ്. അതേസമയം അലക്സ് ടെല്ലസിന് സർജറി ആവശ്യമാണ്. ഇതുകൊണ്ടാണ് ഇപ്പോൾ രണ്ട് താരങ്ങൾക്കും വേൾഡ് കപ്പ് നഷ്ടമാവുന്നത്.
വലത് കാൽമുട്ടിനാണ് ഇരുവർക്കും പരിക്കേറ്റിട്ടുള്ളത്.അലക്സ് ടെല്ലസിന്റെ പരിക്കാണ് ബ്രസീലിന് ഏറ്റവും കൂടുതൽ ബാധിക്കുക. എന്തെന്നാൽ അതേ പൊസിഷനിൽ കളിക്കുന്ന അലക്സ് സാൻഡ്രോക്കും പരിക്കാണ്.ചുരുക്കത്തിൽ ഇടത് വിംഗ് ബാക്ക് പൊസിഷൻ ഇനി ബ്രസീലിന് ഒരു തലവേദനയായിരിക്കും.ഏതായാലും ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ നിരാശജനകമായ ഒരു വാർത്ത തന്നെയാണ് ഇത്.CBF ഒഫീഷ്യൽ സ്ഥിരീകരണം ഉടൻ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.