ബ്രസീലിന് പണിയായത് മികച്ച സ്ട്രൈക്കറുടെ അഭാവമോ? പരിശീലകൻ പറയുന്നു!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇതോടെ ബ്രസീൽ സെമിഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു. അവസാനമായി പങ്കെടുത്ത 3 ടൂർണമെന്റുകളിലും ബ്രസീൽ കിരീടം ഇല്ലാതെ മടങ്ങുകയാണ് ചെയ്തിട്ടുള്ളത്.
ഒരു ഘട്ടത്തിൽ ഉറുഗ്വ 10 പേരായി ചുരുങ്ങിയിട്ട് പോലും അത് മുതലെടുക്കാൻ ബ്രസീലിന് സാധിക്കാതെ പോവുകയായിരുന്നു. ഗോളടിക്കാൻ ആളില്ല എന്നതാണ് ബ്രസീൽ നേരിടുന്ന പ്രധാന പ്രശ്നം. ഇക്കാര്യത്തെക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയറോട് ചോദിക്കപ്പെട്ടിരുന്നു.ഇതിനുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.എൻഡ്രിക്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ക്ലബ്ബുകളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉപയോഗപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്.കഴിഞ്ഞ 8 മത്സരങ്ങളിലും ഞങ്ങൾ ഒരു പെനാൽറ്റി ഏരിയ പ്ലെയറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇവാനിൽസണ് കുറച്ച് സമയം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഞങ്ങൾ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയിരുന്നു.ആ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് ഞാൻ ഈ രീതിയിലേക്ക് മാറിയത്.എൻഡ്രിക്ക് അദ്ദേഹത്തിന്റെ പൊസിഷൻ സ്വാഭാവികമായും നേടിയെടുത്തതാണ്.മികച്ച ഒരു മത്സരം തന്നെയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.വേണ്ടത്ര അവസരങ്ങൾ ഫിനിഷ് ചെയ്യാൻ വേണ്ടി അദ്ദേഹത്തിന് ലഭിച്ചില്ല. എന്നിരുന്നാലും അദ്ദേഹം അവസാനം വരെ പോരാടി “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്രസീലിന്റെ മധ്യനിരതാരങ്ങളും മുന്നേറ്റ നിര താരങ്ങളും വളരെ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. പത്താം നമ്പർ റോളിൽ കളിച്ച റോഡ്രിഗോക്ക് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല.വിനീഷ്യസിന്റെ അഭാവം ബ്രസീലിന് ഇന്ന് തിരിച്ചടിയാവുകയും ചെയ്തു. മധ്യനിര താരങ്ങൾ ക്രിയേറ്റീവ് ആയിട്ട് ഒന്നും ചെയ്യാത്തതും ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.