ബ്രസീലിന് അമേരിക്കയുടെ സമനിലപ്പൂട്ട്!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ അമേരിക്കയായിരുന്നു.മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് 5-1 എന്ന സ്കോറിന് പരാജയപ്പെട്ട അമേരിക്കയാണ് ബ്രസീലിന് ഈ മത്സരത്തിൽ സമനിലയിൽ തളച്ചിട്ടുള്ളത്.
വിനീഷ്യസ്,റോഡ്രിഗോ തുടങ്ങിയ സുപ്രധാന താരങ്ങൾ ഇന്നത്തെ മത്സരത്തിൽ ബ്രസീലിന്റെ ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിൽ ആദ്യം റോഡ്രിഗോയിലൂടെ ബ്രസീലാണ് ഗോൾ കണ്ടെത്തിയത്.റാഫീഞ്ഞയുടെ അസിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നിരുന്നത്.എന്നാൽ പിന്നീട് അമേരിക്ക സമനില പിടിച്ചെടുത്തു.പുലിസിച്ചിന്റെ ഫ്രീകിക്ക് ഗോളാണ് അമേരിക്കയ്ക്ക് സമനില സമ്മാനിച്ചത്. ഇതിന് ശേഷം ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ ബ്രസീലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
മത്സരത്തിൽ തിളങ്ങാൻ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നില്ല എന്നുള്ളത് മാത്രമല്ല പല അവസരങ്ങളും അദ്ദേഹം നഷ്ടപ്പെടുത്തുകയും ചെയ്തു. അതേസമയം ബ്രസീലിന് വേണ്ടി നിർണായകസേവുകൾ നടത്തി ആലിസൺ ബെക്കർ രക്ഷകൻ ആവുകയായിരുന്നു.അമേരിക്കൻ ഗോൾകീപ്പറും മികച്ച സേവുകൾ നടത്തിയിട്ടുണ്ട്. ഇനി ബ്രസീൽ ജൂൺ 25 തീയതിയാണ് കോപ്പയിലെ ആദ്യ മത്സരം കളിക്കുക.ആ മത്സരത്തിന് തയ്യാറെടുക്കാൻ വേണ്ടി ഒരുപാട് സമയം ഇപ്പോൾ ബ്രസീലിന് ലഭ്യമാണ്.