ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് നിന്നും ടിറ്റെ പടിയിറങ്ങുന്നു!
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിന് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ നേരത്തെതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.എന്നാൽ ഈ വേൾഡ് കപ്പിന് ശേഷം ബ്രസീലിയൻ ടീമിന് തന്ത്രങ്ങളോതാൻ പരിശീലകനായ ടിറ്റെ ഉണ്ടാവില്ല.വേൾഡ് കപ്പിന് ശേഷം ബ്രസീലിന്റെ പരിശീലക സ്ഥാനമൊഴിയുമെന്നുള്ള കാര്യം ടിറ്റെ തന്നെയാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്.നീണ്ട ആറ് വർഷക്കാലം ബ്രസീലിനെ പരിശീലിപ്പിച്ചതിനു ശേഷമാണ് ടിറ്റെ ഇപ്പോൾ ടീം വിടാൻ തീരുമാനിച്ചത്.
കഴിഞ്ഞദിവസം പ്രമുഖ മാധ്യമമായ സ്പോർട് ടിവിയുടെ ഒരു പ്രോഗ്രാമിൽ ടിറ്റെ പങ്കെടുത്തിരുന്നു.ഇതിലാണ് ടിറ്റെ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ വേൾഡ് കപ്പോട് കൂടി ഞാൻ എല്ലാം അവസാനിപ്പിക്കാൻ പോവുകയാണ്.ഇവിടെ തുടരാനുള്ള യാതൊരു കാരണവും ഇനി എനിക്കില്ല. എന്റെ കരിയറിൽ ഞാൻ പലതും നേടി.വേൾഡ് കപ്പ് മാത്രം നേടിയിട്ടില്ല. അത് നേടാൻ ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് ടിറ്റെ പറഞ്ഞത്.
2016-ലെ കോപ്പ അമേരിക്ക തോൽവിക്ക് ശേഷമാണ് ടിറ്റെ ബ്രസീലിന്റെ പരിശീലകനായി എത്തുന്നത്.ദുങ്കയുടെ സ്ഥാനത്തേക്കായിരുന്നു ടിറ്റെയെ നിയമിച്ചത്.2018 വേൾഡ് കപ്പിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്തായി.എന്നാൽ 2019 കോപ്പ അമേരിക്ക കിരീടം ബ്രസീലിന് നേടികൊടുക്കാൻ ടിറ്റെക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ഫൈനലിൽ എത്താൻ ബ്രസീലിന് സാധിച്ചുവെങ്കിലും അർജന്റീനയോട് പരാജയപ്പെടുകയായിരുന്നു.ഇനി ഈ വരുന്ന വേൾഡ് കപ്പിനെയാണ് ആരാധകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.
Técnico ainda disse que não quer ganhar o Mundial de "qualquer forma". Confira: https://t.co/8mGCrAOsMb
— ge (@geglobo) February 25, 2022
ടിറ്റെക്ക് കീഴിൽ 70 മത്സരങ്ങളാണ് ആകെ ബ്രസീൽ കളിച്ചിട്ടുള്ളത്.അതിൽ 51 മത്സരങ്ങൾ ബ്രസീൽ വിജയിച്ചു.14 എണ്ണം സമനിലയിൽ കലാശിച്ചു.5 തോൽവികൾ മാത്രമാണ് ടിറ്റെക്ക് കീഴിൽ ബ്രസീൽ വഴങ്ങിയിട്ടുള്ളത്.144 ഗോളുകളാണ് ഇദ്ദേഹത്തിന്റെ കീഴിൽ ആകെ ബ്രസീൽ അടിച്ചു കൂട്ടിയിട്ടുള്ളത്.25 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഒരു മികച്ച കണക്ക് തന്നെയാണ് ടിറ്റെക്ക് അവകാശപ്പെടാനുള്ളത്.
പ്രതിസന്ധി സമയത്ത് ടീമിന്റെ പരിശീലകനായ വന്നുകൊണ്ട് ബ്രസീലിനെ ഉയർത്തെഴുന്നേൽപ്പിച്ചത് ടിറ്റെയാണ്.ഇനി ഇദ്ദേഹത്തിന് ശേഷം ആര് എന്നുള്ളതാണ് ബ്രസീലിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ചോദ്യം.