ബ്രസീലിന്റെ പരിശീലകനാവാൻ ആഗ്രഹിച്ച് ഹൊസേ മൊറിഞ്ഞോ.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പുറത്തായതിന് പിന്നാലെയായിരുന്നു ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പരിശീലകസ്ഥാനം രാജി വച്ചിരുന്നത്. അതിനുശേഷം ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. നിലവിൽ ഇടക്കാല പരിശീലകനായി കൊണ്ട് ഫെർണാണ്ടോ ഡിനിസാണ് അവരുടെ പരിശീലകസ്ഥാനത്തുള്ളത്.വളരെ മോശം പ്രകടനമാണ് ബ്രസീൽ ഇപ്പോൾ നടത്തുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.

അടുത്ത കോപ്പ അമേരിക്കക്ക് മുന്നേ ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ ബ്രസീൽ തീരുമാനിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുമായി അവർ ധാരണയിൽ എത്തി എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിനെ പരിശീലിപ്പിക്കാൻ ആഞ്ചലോട്ടി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ അദ്ദേഹത്തെ നിലനിർത്താൻ റയൽ മാഡ്രിഡിന് താൽപര്യമുണ്ട്.

പോർച്ചുഗീസ് ഇതിഹാസ പരിശീലകനായ ഹോസേ മൊറിഞ്ഞോ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയെയാണ് പരിശീലിപ്പിക്കുന്നത്.2024 വരെയാണ് അദ്ദേഹത്തിന് കരാർ അവശേഷിക്കുന്നത്.അതിനുശേഷം ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. ബ്രസീൽ മാധ്യമമായ UOL ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് നാഷണൽ ഫുട്ബോളിലേക്ക് തിരിയേണ്ട സമയമായി എന്ന് മൊറിഞ്ഞോ ഇപ്പോൾ തിരിച്ചറിയുന്നു. ബ്രസീലിന്റെ പരിശീലക സ്ഥാനം തനിക്ക് അനുയോജ്യമാകും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ബ്രസീലിന്റെ പരിശീലകൻ ആവാൻ പോകുന്ന ആഞ്ചലോട്ടിക്ക് മൊറിഞ്ഞോ ദിവസങ്ങൾക്ക് മുന്നേ ഒരു ഉപദേശം നൽകുകയും ചെയ്തിരുന്നു. റയൽ മാഡ്രിഡ് നിലനിർത്താൻ ആഗ്രഹിക്കുമ്പോൾ ക്ലബ്ബ് വിടുന്നത് ഭ്രാന്തമായ ഒരു കാര്യമാണ് എന്നായിരുന്നു മൊറിഞ്ഞോ പറഞ്ഞിരുന്നത്.ആഞ്ചലോട്ടിയെ എത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ബ്രസീൽ മറ്റുള്ള പരിശീലകരെ പരിഗണിക്കേണ്ടി വന്നേക്കും. അപ്പോൾ മൊറിഞ്ഞോയുടെ പേരും പരിഗണനയിൽ വന്നേക്കും. കഴിഞ്ഞ സമ്മറിൽ സൗദിയിൽ നിന്നും ആകർഷകമായ ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും മൊറിഞ്ഞോ അതെല്ലാം നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *