ബ്രസീലിനെ 7-1 ഓർമ്മിപ്പിച്ചു കൊണ്ട് പ്രകോപനവുമായി പെറുവിയൻ ആരാധകർ !

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കരുത്തരായ ബ്രസീൽ. ആദ്യ മത്സരത്തിൽ ബൊളീവിയയെ അഞ്ച് ഗോളുകൾക്ക്‌ തകർത്തു വിട്ടതിന്റെ തലയെടുപ്പോടെ വരുന്ന ബ്രസീലിന്റെ ഇനിയുള്ള എതിരാളികൾ പെറുവാണ്. പെറുവിന്റെ മൈതാനത്ത് വെച്ച് നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30 നാണ് മത്സരം നടക്കുക. ഇന്നലെ ബ്രസീലിയൻ ടീം പെറുവിലെ ലിമയിൽ എത്തുകയും ചെയ്തു. എന്നാൽ ബ്രസീലിയൻ ടീമിനെതിരെ പ്രകോപനപരമായ നീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് പെറുവിയൻ ആരാധകർ. ഇന്നലെ മൂന്ന് പെറു ആരാധകരാണ് വ്യത്യസ്ഥമായ വസ്ത്രം ധരിച്ച് ബ്രസീലിന്റെ ജർമ്മനിയോടുള്ള 7-1 ന്റെ തോൽവിയെ ഓർമ്മിപ്പിച്ചത്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബെയാണ് ഈ സംഭവം പുറത്തു വിട്ടിരിക്കുന്നത്.

പ്രേതത്തിന്റെ രൂപത്തിലുള്ള വസ്ത്രമണിഞ്ഞു കൊണ്ടുള്ള മൂന്ന് ആരാധകരുടെ ചിത്രമാണ് ഗ്ലോബെ പുറത്തു വിട്ടിട്ടുള്ളത്. ഇതിൽ ഒരാളുടെ മാസ്ക് ക്രൈസ്റ്റ് ദി റെഡീമർ കരയുന്നതാണ്. കൂടാതെ കയ്യിൽ 7-1 എന്ന സ്കോർ രേഖപ്പെടുത്തിയിട്ടുമുണ്ട്. കനത്ത സുരക്ഷകളോടെയാണ് ബ്രസീലിയൻ ടീമിനെ ഹോട്ടലിൽ എത്തിച്ചത്. മാത്രമല്ല ഹോട്ടലിന് മുന്നിലുള്ള ആരാധകരെയെല്ലാം പോലീസ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോട് തോറ്റു കിരീടം അടിയറവ് വെക്കാനായിരുന്നു പെറുവിന്റെ യോഗം. എന്നാൽ അതിന് ശേഷം നടന്ന ഒരു മത്സരത്തിൽ ബ്രസീൽ ഒരു ഗോളിന് പെറുവിനോട് തോറ്റിരുന്നു. അതിന്റെ ക്ഷീണം തീർക്കാൻ ഉറച്ചാവും ബ്രസീൽ കളത്തിലിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *