ബോറടിക്കുന്നുവെങ്കിൽ മറ്റേതെങ്കിലും കളി കണ്ടോളൂ: പൊട്ടിത്തെറിച്ച് ഫ്രഞ്ച് പരിശീലകൻ
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ഫ്രാൻസും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. തകർപ്പൻ ഫോമിൽ കളിക്കുന്ന സ്പെയിനിനാണ് പലരും ഇപ്പോൾ വിജയസാധ്യത കൽപ്പിക്കുന്നത്.
ഫ്രാൻസ് നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമാണെങ്കിലും മികച്ച പ്രകടനം യൂറോ കപ്പിൽ ഇതുവരെ പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 5 മത്സരങ്ങൾ കളിച്ച അവർക്ക് കേവലം മൂന്ന് ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ രണ്ട് ഓൺ ഗോളുകളും ഒരു പെനാൽറ്റിയുമാണ് ഉള്ളത്.ഓപ്പൺ പ്ലേയിൽ നിന്നും ഒരു ഗോൾ പോലും നേടാതെയാണ് ഫ്രാൻസ് സെമിഫൈനലിൽ എത്തിയിരിക്കുന്നത്. ഫ്രാൻസിന്റെ കളി കാണുന്നത് ബോറടിക്കുന്നു എന്ന വിമർശനങ്ങളോട് അവരുടെ പരിശീലകനായ ദെഷാപ്സ് രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.ബോറടിക്കുന്നുവെങ്കിൽ മറ്റാരെങ്കിലും മത്സരം കണ്ടോളൂ എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ദെഷാപ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നിങ്ങൾക്ക് ബോറടിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മറ്റേതെങ്കിലും മത്സരം കണ്ടോളൂ. നിങ്ങൾ ഈ മത്സരം കാണുന്നില്ല എന്ന് വച്ച് ഇവിടെ ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. ഇത് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പാണ്.ഇവിടെ വിജയിക്കുക എന്നുള്ളത് തന്നെ വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. ഞങ്ങളുടെ റിസൾട്ടിൽ ഒരുപാട് പേർ ഹാപ്പിയാണ്. നിങ്ങൾക്ക് ബോറടിക്കുന്നു എന്നുള്ളത് എന്നെ ഒട്ടും ആശങ്കപ്പെടുത്തുന്നില്ല “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സ്വീഡിഷ് മാധ്യമപ്രവർത്തകനോടാണ് ദെഷാപ്സ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. തന്റെ ടീമിന്റെ പ്രകടനത്തിലും റിസൾട്ടിലും ഫ്രഞ്ചുകാർ ഹാപ്പിയാണ് എന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതായാലും ഇന്നത്തെ സ്പെയിനിന്റെ മത്സരം അതിജീവിക്കുക എന്നത് ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.