ബോബി ചാൾട്ടൻ ചാന്റുകളുമായി ബ്രസീൽ ഫാൻസ്,പ്രതികരിച്ച് എൻഡ്രിക്ക്!
കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയിക്കാൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ വിജയം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ റോഡ്രിഗോയാണ് വിജയഗോൾ സ്വന്തമാക്കിയത്. യുവ പ്രതിഭയായ എൻഡ്രിക്കിന് ഈ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
എന്നാൽ ട്രെയിനിങ്ങിനിടെ രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട്.എൻഡ്രിക്കിനെ കണ്ടപ്പോൾ ബ്രസീലിയൻ ആരാധകർ നടത്തിയ ചാന്റായിരുന്നു ശ്രദ്ധ പിടിച്ചു പറ്റിയത്.താരത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ വേണ്ടി ബോബി ചാൾട്ടൻ..ബോബി ചാൾട്ടൻ.. എന്നുള്ള ചാന്റായിരുന്നു ബ്രസീലിയൻ ആരാധകർ നടത്തിയിരുന്നത്. ഇത് എൻഡ്രിക്കിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്.
പിന്നീട് താരം ചിരിച്ചുകൊണ്ട് കൈകൾ ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്തു. വളരെ രസകരമായിട്ടുള്ള റിയാക്ഷൻ തന്നെയാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലുമാണ്. നിലവിൽ ബോബി ചാൾട്ടൻ എന്നുള്ള ഒരു ഇരട്ടപ്പേര് എൻഡ്രിക്കിന് ലഭിച്ചിട്ടുണ്ട്.അതിന്റെ കാരണം നമുക്കെല്ലാവർക്കും അറിയാം. തന്റെ ചൈൽഡ്ഹുഡ് ഐഡോളുകളിൽ ഒരാളായിക്കൊണ്ട് എൻഡ്രിക്ക് തിരഞ്ഞെടുത്തത് ഇംഗ്ലീഷ് ഇതിഹാസമായ ബോബി ചാൾറ്റനെയായിരുന്നു.ഇത് പലരെയും അത്ഭുതപ്പെടുത്തി. കാരണം ബോബി ചാൾട്ടൻ കളിക്കുന്ന സമയത്ത് എൻഡ്രിക്ക് ജനിച്ചിട്ട് പോലുമില്ല.
തുടർന്ന് ഒരുപാട് ട്രോളുകൾ ഈ വിഷയത്തിൽ ഇറങ്ങുകയായിരുന്നു.എന്നാൽ പിന്നീട് എല്ലാവരും സ്നേഹത്തോടെ കൂടി അദ്ദേഹത്തെ ബോബി ചാൾട്ടൺ എന്ന് വിളിച്ചു തുടങ്ങി. റയൽ മാഡ്രിഡിലെ സഹതാരങ്ങൾ പോലും ഇപ്പോൾ എൻഡ്രിക്കിനെ ബോബി എന്നാണ് വിളിക്കുന്നത്.താരവും അത് ആസ്വദിക്കുന്നുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എൻഡ്രിക്ക് ബോബി ചാൾട്ടൻ എന്നുള്ള സോങ് ആഡ് ചെയ്തതൊക്കെ വലിയ ശ്രദ്ധ നേടിയിരുന്നു. ഏതായാലും 18 കാരനായ എൻഡ്രിക്ക് ബോബി എന്നുള്ള വിളിപ്പേര് സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ.