ബെൽജിയവും വിജയിച്ചു,ഗ്രൂപ്പ് Eയിൽ കാര്യങ്ങൾ അതിസങ്കീർണ്ണം!
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ബെൽജിയത്തിന് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ റൊമാനിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ടിലമൻസ്,ഡി ബ്രൂയിന എന്നിവരാണ് ബെൽജിയത്തിനു വേണ്ടി ഗോളുകൾ നേടിയത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബെൽജിയം മികച്ച ഒരു തിരിച്ചുവരവാണ് നടത്തിയിട്ടുള്ളത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ അവർ ലീഡ് സ്വന്തമാക്കി.ലുക്കാക്കുവിന്റെ അസിസ്റ്റിൽ നിന്നാണ് ടിലമൻസ് ഗോൾ കണ്ടെത്തിയത്. പിന്നീട് മത്സരത്തിന്റെ 63ആം മിനുട്ടിൽ ലുക്കാക്കു ഒരു ഗോൾ നേടിയിരുന്നു. പക്ഷേ ഓഫ്സൈഡ് കാരണം VAR അത് നിഷേധിക്കുകയായിരുന്നു. പിന്നീട് 80ആം മിനിട്ടിലാണ് ഡി ബ്രൂയിന ഗോൾ കണ്ടെത്തിയത്.ഇതോടെ ബെൽജിയം വിജയം ഉറപ്പിച്ചു.
ബെൽജിയം വിജയിച്ചതോടുകൂടി ഗ്രൂപ്പ് E യിൽ കാര്യങ്ങൾ സങ്കീർണ്ണം ആയിട്ടുണ്ട്. നാലു ടീമുകൾക്കും ഇപ്പോൾ ഒരുപോലെ സാധ്യത അവശേഷിക്കുന്നുണ്ട്. രണ്ടു മത്സരങ്ങൾ പിന്നിട്ടപ്പോൾ എല്ലാ ടീമുകളും ഓരോ മത്സരങ്ങളും വീതം വിജയിച്ചിട്ടുണ്ട്. എല്ലാവർക്കും മൂന്ന് പോയിന്റുകൾ വീതമാണ് ഉള്ളത്. ആരായിരിക്കും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക എന്നത് പ്രവചിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലാണ് ഇനിയുള്ളത്.
ബെൽജിയത്തിന്റെ അടുത്ത മത്സരത്തിൽ എതിരാളികൾ ഉക്രൈനാണ്. അതേസമയം റൊമാനിയയും സ്ലോവാക്യയും തമ്മിൽ ഏറ്റുമുട്ടും.ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും.