ബെൽജിയത്തിന്റെ തോൽവി, സഹതാരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഡി ബ്രൂയിൻ!
സമീപകാലത്ത് മോശം പ്രകടനമാണ് വമ്പൻമാരായ ബെൽജിയം പുറത്തെടുക്കുന്നത്.കഴിഞ്ഞ യൂറോ കപ്പിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ അവർക്ക് സാധിച്ചിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവരെ തോൽപ്പിച്ചത്.കോലോ മുവാനി,ഡെമ്പലെ എന്നിവരാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്.
ബെൽജിയത്തിന്റെ ഈ മോശം പ്രകടനത്തിൽ അവരുടെ സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിന കടുത്ത നിരാശയിലാണ്.സ്വന്തം ടീമിനെതിരെ തന്നെ അദ്ദേഹം വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.2018ന് ശേഷം ആ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഡി ബ്രൂയിന തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ എന്താണ് ടീമിന്റെ പ്രശ്നമെന്ന് എനിക്ക് ഇവിടെ പറയാൻ കഴിയില്ല. ആദ്യപകുതിയുടെ സമയത്ത് ഡ്രസ്സിങ് റൂമിൽ വച്ചുകൊണ്ട് ഞാൻ അത് പറഞ്ഞതാണ്.ഏറ്റവും മികച്ച നിലവാരത്തിലേക്ക് എത്താൻ വേണ്ടിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷേ അതിന്റെ അടുത്തുപോലും എത്താൻ കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത.മാത്രമല്ല ടീമിന് വേണ്ടി എല്ലാം നൽകിക്കൊണ്ട് കളിക്കേണ്ടതുണ്ട്. അതുപോലും ചെയ്യുന്നില്ലെങ്കിൽ എല്ലാം അവസാനിച്ചു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.2018 ന് ശേഷം ആ നിലവാരത്തിലേക്ക് എത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്.ടീമിന്റെ പ്രശ്നങ്ങളെല്ലാം ആദ്യം കാണുന്ന വ്യക്തി ഞാനാണ്. പലതും അംഗീകരിക്കാനാവാത്തതാണ്.പലരും അവരവരുടെ ജോലികൾ നല്ല രൂപത്തിൽ നിർവഹിക്കുന്നില്ല. ഒരു കണക്ഷനും ഇല്ലാതെയാണ് എല്ലാവരും കളിക്കുന്നത് ‘ ഇതാണ് ബെൽജിയം ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഡി ബ്രൂയിന വളരെ ദേഷ്യത്തോടുകൂടി പ്രതികരിച്ചിട്ടുള്ളത്.
ബെൽജിയം പരിശീലകനായ ടെഡെസ്ക്കോ ഇതിനോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഡി ബ്രൂയിന ഞങ്ങളുടെ ക്യാപ്റ്റനാണ്. ഒരു വലിയ വിന്നിങ് മെന്റാലിറ്റി ഉള്ള താരമാണ് അദ്ദേഹം.അതുകൊണ്ടുതന്നെ വൈകാരികമായി പ്രതികരിക്കാൻ അദ്ദേഹത്തിന് സാധിക്കും ‘ഇതാണ് ബെൽജിയം പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ബെൽജിയം ടീമിലെ താരങ്ങൾ തങ്ങളുടെ ജോലി നിർവഹിക്കുന്നില്ല എന്ന് തന്നെയാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഇനി അടുത്ത മാസം നടക്കുന്ന മത്സരത്തിൽ ഇറ്റലിയും ഫ്രാൻസുമാണ് അവരുടെ എതിരാളികൾ.