ബെല്ലിങ്ങ്ഹാമിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ,പണി കിട്ടിയേക്കും!

യുവേഫ യൂറോ കപ്പിൽ നടന്ന കഴിഞ്ഞ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്ലോവാക്യയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനെ രക്ഷിച്ചത് സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാമായിരുന്നു. അദ്ദേഹത്തിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ ഇംഗ്ലണ്ടിന് സമനില നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ ഗോൾ കണ്ടെത്തുകയും ഇംഗ്ലണ്ടിനെ ക്വാർട്ടറിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ജൂഡ് ബെല്ലിങ്ങ്ഹാം നടത്തിയ പ്രവർത്തി വലിയ വിവാദമായിരുന്നു. അതായത് സ്ലോവാക്യൻ ബെഞ്ചിന് നേരെ ബെല്ലിങ്ങ്ഹാം അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് വലിയ വിവാദമായി. തുടർന്ന് വിശദീകരണം നൽകിക്കൊണ്ട് ബെല്ലിങ്ങ്ഹാം രംഗത്ത് വരികയും ചെയ്തു. തന്റെ സുഹൃത്തുക്കൾക്ക് നേരെ താൻ കാണിച്ച ഒരു തമാശ മാത്രമാണ് അതെന്നാണ് ബെല്ലിങ്ങ്ഹാം നൽകിയ വിശദീകരണം.

എന്നാൽ യുവേഫ ഈ വിശദീകരണത്തിൽ തൃപ്തരല്ല.ഇക്കാര്യത്തിൽ അവർ ഇൻവെസ്റ്റിഗേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.ജൂഡ് ബെല്ലിങ്ങ്ഹാം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ തീർച്ചയായും അദ്ദേഹത്തിന് ശിക്ഷ നടപടി നേരിടേണ്ടി വരും.ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും അദ്ദേഹത്തിന് ബാൻ ലഭിച്ചേക്കും. അതിന് പുറമെ പിഴയും ചുമത്തപ്പെട്ടേക്കാം. കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയാൽ തീർച്ചയായും ബെല്ലിങ്ങ്ഹാമിന് ആശങ്കകൾ ഒന്നുമില്ലാതെ കളിക്കാൻ സാധിക്കും.

യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്വിറ്റ്സർലാന്റും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ജൂലൈ ആറാം തീയതി രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.ബെല്ലിങ്ങ്ഹാമിന് വിലക്ക് ലഭിക്കുകയാണെങ്കിൽ ഈ മത്സരത്തിൽ അദ്ദേഹം പുറത്തിരിക്കേണ്ടി വന്നേക്കും.അതല്ല എങ്കിൽ അദ്ദേഹത്തിന് ഈ മത്സരത്തിൽ പങ്കെടുക്കാം.ബെല്ലിങ്ങ്ഹാമിനെ നഷ്ടമായാൽ അത് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരിച്ചടി തന്നെയായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *