ബാലൺഡി’ഓർ നേടും,ഉടൻ ബാഴ്സയിലോ റയലിലോ ഉണ്ടാവും : വില്യനെ കുറിച്ച് ക്യൂറി

യുവ പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത രാജ്യമാണ് ബ്രസീൽ.വിനീഷ്യസിനെയും റോഡ്രിഗോയെയുമൊക്കെ റയൽ മാഡ്രിഡ് തുടക്കകാലത്ത് തന്നെ സ്വന്തമാക്കിയിരുന്നു. കൂടാതെ മറ്റൊരു ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്കിനെയും റയൽ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം എഫ്സി ബാഴ്സലോണ വിറ്റോർ റോക്കിനെ സ്വന്തമാക്കിയിട്ടുണ്ട്.ആൻഡ്രേ സാൻഡോസും ആഞ്ചലോ ഗബ്രിയേലും ഒക്കെ ചെൽസിയുടെ താരങ്ങളാണ്.

ഇപ്പോഴിതാ മറ്റൊരു യുവ പ്രതിഭ കൂടി ബ്രസീലിൽ നിന്നും ഉദയം ചെയ്യുന്നുണ്ട്. 16 വയസ്സ് മാത്രമുള്ള എസ്റ്റവാവോ വില്ല്യൻ നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ചില പ്രവചനങ്ങൾ പ്രമുഖ ഏജന്റായ ആൻഡ്രേ ക്യൂറി നടത്തിയിട്ടുണ്ട്.റൊണാൾഡീഞ്ഞോയേയും നെയ്മറെയുമൊക്കെ ബാഴ്സയിൽ എത്തിച്ച ഏജന്റ് ആണ് ഇദ്ദേഹം.അദ്ദേഹം വില്യനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

” വരുന്ന യൂത്ത് വേൾഡ് കപ്പിന് ശേഷം എസ്റ്റവാവോ വില്ല്യനെ നമുക്ക് മാഡ്രിഡിലോ ബാഴ്സലോ അതല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയിലോ കാണാൻ സാധിക്കും. ഭാവിയിൽ അദ്ദേഹം ബാലൺഡി’ഓർ പുരസ്കാരം നേടുകയും ചെയ്യും ” ഇതാണ് യുവ പ്രതിഭയെ കുറിച്ച് ക്യൂറി പറഞ്ഞിട്ടുള്ളത്.

പാൽമിറാസിന്റെ അണ്ടർ 20 ടീമിന് വേണ്ടിയാണ് ഈ 16കാരൻ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ബ്രസീലിന്റെ അണ്ടർ 17 ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. 2026 വരെയുള്ള ഒരു കോൺട്രാക്ട് അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്.ഏതായാലും ഭാവിയിൽ ഒരു യൂറോപ്പിലെ വമ്പൻ ക്ലബ്ബ് അദ്ദേഹത്തെ സ്വന്തമാക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *