ബാലൺഡി’ഓർ അവന് തന്നെ നൽകൂ:സ്പാനിഷ് കോച്ച് പറയുന്നു
ഇപ്പോൾ അവസാനിച്ച യൂറോ കപ്പിൽ തകർപ്പൻ പ്രകടനം നടത്തി കൊണ്ടാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളിലും അവർ വിജയിക്കുകയായിരുന്നു. സ്പെയിനിന്റെ മികച്ച പ്രകടനത്തിൽ വലിയ പങ്ക് വഹിക്കാൻ അവരുടെ മധ്യനിരതാരമായ റോഡ്രിക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെയാണ് യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അദ്ദേഹത്തിന് ലഭിച്ചത്.
ഇപ്പോൾ വലിയ ബാലൺഡി’ഓർ സാധ്യതകൾ അദ്ദേഹത്തിന് കൽപ്പിക്കപ്പെടുന്നുണ്ട്.ഗോൾ പ്രസിദ്ധീകരിച്ച പുതിയ പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന് വേണ്ടി ആവശ്യമുയർത്തിക്കൊണ്ട് സ്പാനിഷ് പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ രംഗത്ത് വന്നിട്ടുണ്ട്.ബാലൺഡി’ഓർ റോഡ്രിക്ക് നൽകണമെന്ന് തന്നെയാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.സ്പാനിഷ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബാലൺഡി’ഓർ പുരസ്കാരം റോഡ്രിക്ക് ലഭിക്കേണ്ടതുണ്ട്. ദയവായി അദ്ദേഹത്തിന് നൽകൂ.അദ്ദേഹം അത് അർഹിക്കുന്നുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം റോഡ്രി തന്നെയാണ് “ഇതാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ ദിവസത്തെ സ്പെയിനിന്റെ വിക്ടറി പരേഡിൽ ആരാധകർ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ചാന്റ് ചെയ്യുകയും ചെയ്തിരുന്നു.റോഡ്രിക്ക് ബാലൺഡി’ഓർ നൽകണമെന്ന് തന്നെയാണ് സ്പാനിഷ് ആരാധകരുടെയും ആവശ്യം.
ഈ സീസണിൽ 12 ഗോളുകളും 15 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്,ക്ലബ് വേൾഡ് കപ്പ്,യുവേഫ സൂപ്പർ കപ്പ് എന്നിവയൊക്കെ താരം നേടിയിട്ടുണ്ട്. ഇതിന് പുറമെയാണ് യൂറോ കപ്പും ഗോൾഡൻ ബോളും അദ്ദേഹം നേടിയിട്ടുള്ളത്.ബാലൺഡി’ഓർ പോരാട്ടത്തിൽ വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരിൽ നിന്നാണ് ഈ താരത്തിന് വെല്ലുവിളികൾ നേരിടേണ്ടി വരിക.