ബസിന്റെ മെല്ലെ പോക്ക് പണി തന്നുവെന്ന് ബെൽജിയം കോച്ച്, മത്സരശേഷം താരങ്ങളോട് ചൂടായി!
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ബെൽജിയത്തിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഉക്രൈനായിരുന്നു അവരെ ഗോൾരഹിത സമനിലയിൽ തളച്ചത്. ബെൽജിയത്തെ വിറപ്പിക്കുന്ന പ്രകടനമാണ് ഉക്രൈൻ നടത്തിയത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബെൽജിയം മുന്നോട്ടു പോയപ്പോൾ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഉക്രൈൻ പുറത്താവുകയായിരുന്നു. ഗ്രൂപ്പിലെ 4 ടീമുകൾക്കും നാല് പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്.
ഏതായാലും ബെൽജിയം പരിശീലകനായ ഡോമിനിക്കോ ടെഡസ്ക്കോ മത്സരശേഷം വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് ഹോട്ടലിൽ നിന്നും സ്റ്റേഡിയത്തിലേക്ക് എത്താൻ ഒരുപാട് സമയം പിടിച്ചത് തങ്ങൾക്ക് തിരിച്ചടിയായി എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. മത്സരത്തിനു വേണ്ടി ഒരുങ്ങാൻ ആവശ്യത്തിനുള്ള സമയം ലഭിച്ചില്ലെന്നും ഇദ്ദേഹം ആരോപിച്ചു. ബെൽജിയൻ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഒരിക്കലും കാണാത്ത ഇതിലാണ് ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഹോട്ടലിൽ നിന്നും സ്റ്റേഡിയത്തിലേക്ക് എത്താൻ ഞങ്ങൾക്ക് ഒരു മണിക്കൂർ സമയം പിടിച്ചു. പോലീസ് എസ്കോർട്ട് കാരണമായിരുന്നു ഇത്.റോഡുകളെല്ലാം കാലിയായിരുന്നു. ഞങ്ങൾക്ക് 20-25 സ്പീഡിൽ മാത്രമാണ് പോകാൻ സാധിച്ചത്.മത്സരത്തിന് മുന്നേ താരങ്ങളോട് സംസാരിക്കാൻ കേവലം രണ്ട് മിനിറ്റ് മാത്രമാണ് എനിക്ക് ലഭിച്ചത്.വാം അപ്പ് വേണ്ട രൂപത്തിൽ ചെയ്യാൻ സാധിച്ചില്ല. ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളത് “ഇതാണ് ബെൽജിയൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മത്സരത്തിനുശേഷം കളിക്കളത്തിൽ വെച്ച് കൊണ്ട് തന്നെ ബെൽജിയം ടീമിന്റെ ടോക്ക് നടന്നിരുന്നു.വളരെ ദേഷ്യപ്പെട്ടുകൊണ്ടാണ് ഈ പരിശീലകൻ തന്റെ താരങ്ങളോട് സംസാരിച്ചിട്ടുള്ളത്. അത് പകർത്താൻ എത്തിയ ക്യാമറമാനോടും ഇദ്ദേഹം വളരെയധികം ദേഷ്യപ്പെട്ടിട്ടുണ്ട്.ഇനി പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസ് ആണ് ബെൽജിയത്തിന്റെ എതിരാളികൾ.