ബംബാലിയിലെ ചെളി നിറഞ്ഞ മൈതാനത്തിന് പകരം ഇനി ആധുനിക സ്റ്റേഡിയം, വീണ്ടും മനം കവർന്ന് മാനെ!

സെനഗലീസ് സൂപ്പർതാരമായ സാഡിയോ മാനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത്. നിലവിൽ സൗദി അറേബ്യയിലാണ് അദ്ദേഹം കളിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.എട്ടു ഗോളുകളും 4 അസിസ്റ്റുകളും ഈ സൗദി അറേബ്യൻ ലീഗിൽ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

താരത്തിന്റെ ജന്മനാടായ ബംബാലിയുടെ ഹൃദയമാണ് സാഡിയോ മാനെ എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.കാരണം അത്രയേറെ അവിടുത്തെ ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്.സാഡിയോ മാനെ തന്റെ സ്വന്തം പ്രദേശത്ത് ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.ബംബാലിയിൽ ഒരു സ്കൂളും ഒരു ഹോസ്പിറ്റലും ഒരു ഗ്യാസ് സ്റ്റേഷനും നിർമ്മിച്ച വ്യക്തി കൂടിയാണ് മാനെ. തന്റെ പ്രദേശത്തേക്ക് 4G ഇന്റർനെറ്റ് സംവിധാനം എത്തിച്ചതും ഇദ്ദേഹം തന്നെയാണ്. മാത്രമല്ല തന്റെ ഗ്രാമത്തിലെ രണ്ടായിരത്തോളം വരുന്ന ആളുകൾക്ക് മാസാമാസം സാമ്പത്തിക സഹായവും മാനെ നൽകുന്നുണ്ട്.

നേരത്തെ മാനെ ബംബാലിയിൽ കളിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ചെളി നിറഞ്ഞ ഒരു മൈതാനത്തായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.ആ മൈതാനം ഇപ്പോൾ അടിമുടി മാറിയിട്ടുണ്ട്. എന്തെന്നാൽ മാനേ തന്നെ ഒരു ആധുനിക സ്റ്റേഡിയം അവിടെ നിർമ്മിച്ചിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആർട്ടിഫിഷൽ ടർഫാണ് അദ്ദേഹം നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മാനെ തന്നെ നിർവഹിച്ചിട്ടുണ്ട്.

തന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊരു സ്റ്റേഡിയം നിർമ്മിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഫിഫ നിലവാരത്തിലുള്ള ഒരു ഫുട്ബോൾ സ്റ്റേഡിയം ഇവിടെ നിർമിക്കാൻ കഴിഞ്ഞതിൽ താൻ ഒരുപാട് അഭിമാനിക്കുന്നു എന്നാണ് മാനെ ഉദ്ഘാടനത്തിനുശേഷം പറഞ്ഞിട്ടുള്ളത്. ഏതായാലും മാനെ എന്ന ഒരൊറ്റ മനുഷ്യന്റെ ചിറകിലേറി ബംമ്പാലി എന്ന ഗ്രാമം പുരോഗതിയിലേക്ക് കുതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *