ഫ്രാൻസ് vs ക്രോയേഷ്യ : വേൾഡ് കപ്പ് ഫൈനലിന്റെ തനിയാവർത്തനം?

യുവേഫ നേഷൻസ് ലീഗിൽ ഇന്ന് മറ്റൊരു സൂപ്പർ പോരാട്ടത്തിന് ഫുട്ബോൾ ലോകം സാക്ഷിയാവും. കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലിന്റെ തനിയാവർത്തനം ഇന്ന് നടക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്. വേൾഡ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഫ്രാൻസും ക്രോയേഷ്യയും തമ്മിലാണ് ഇന്ന് ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നത്.വേൾഡ് കപ്പ് ഫൈനലിൽ 4-2 ന് ഫ്രാൻസ് ജയം കൊയ്തിരുന്നു. അന്ന് ഗ്രീസ്‌മാൻ, പോഗ്ബ, എംബാപ്പെ എന്നിവർ ആയിരുന്നു ഗോൾ നേടിയത്. എന്നാൽ ഇന്ന് എംബാപ്പെ, പോഗ്ബ എന്നിവർ ഫ്രാൻസിനൊപ്പമില്ല. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്നത്തെ മത്സരം നഷ്ടമാവുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 നാണ് മത്സരം അരങ്ങേറുക. ഫ്രാൻസിൽ വെച്ചാണ് മത്സരം നടക്കുക.

ക്രോയേഷ്യയുടെ ഭാഗത്ത് ഇന്ന് സൂപ്പർ താരങ്ങളായ മോഡ്രിച്, റാക്കിറ്റിച്ച് എന്നിവർ ഉണ്ടായേക്കില്ല. പെരിസിച്, റെബിച്, കൊവാസിച് എന്നിവർ ഇന്ന് ക്രോയേഷ്യൻ നിരയിൽ ഉണ്ടാവും. സൂപ്പർ താരം ഗ്രീസ്‌മാന്റെ കാലുകളിൽ ആണ് ഫ്രാൻസിന്റെ പ്രതീക്ഷകൾ. നിലവിൽ ഗ്രൂപ്പ്‌ മൂന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ് ഉള്ളത്. ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസ് തകർത്തു വിട്ടത്. ആ മത്സരത്തിൽ ഗോൾ നേടിയ എംബാപ്പെ ഇന്ന് ടീമിൽ ഇല്ല. അതേ സമയം പോർച്ചുഗലിനോട്‌ നാണംകെട്ട തോൽവിയേറ്റുവാങ്ങിയ ശേഷമാണ് ക്രോയേഷ്യ ഫ്രാൻസിനെ നേരിടാൻ വരുന്നത്. 4-1 നായിരുന്നു പോർച്ചുഗലിനോട് ക്രോയേഷ്യ തോൽവി രുചിച്ചത്. ആ തോൽവിയിൽ നിന്ന് ക്രോയേഷ്യക്ക് മുക്തമാവണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *