ഫ്രാൻസിന് പറ്റിയത് ബ്രസീലിന് പറ്റുമോ? മറുപടി നൽകി ടിറ്റെ!

ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിന് ബ്രസീൽ ഇന്നിറങ്ങുകയാണ്. കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക. ഒരു റിസർവ് ടീമിനെയാണ് ഈ മത്സരത്തിനു വേണ്ടി പരിശീലകനായ ടിറ്റെ കളത്തിലേക്ക് ഇറക്കുക. എന്തെന്നാൽ നേരത്തെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയതിനാൽ സ്റ്റാർട്ടിങ് ഇലവനിലെ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും.

എന്നാൽ കഴിഞ്ഞദിവസം റിസർവ് ടീമുമായി ഇറങ്ങിയ ഫ്രാൻസ് ടുണീഷ്യയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം രുചിക്കേണ്ടി വന്നത്. അതുപോലെ സംഭവിക്കുമോ എന്നുള്ള ഒരു ചോദ്യം ബ്രസീൽ പരിശീലകനായ ടിറ്റെയോട് ചോദിക്കപ്പെട്ടിരുന്നു. ഇതൊരു റിസ്കാണ് എന്നുള്ള കാര്യം ടിറ്റെ സമ്മതിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു പരിശീലകൻ എപ്പോഴും പ്രാക്ടിക്കലായാണ് ചിന്തിക്കുക. ഞാൻ മുമ്പ് പറഞ്ഞതുപോലെ തന്നെ കൂടുതൽ താരങ്ങൾക്ക് അവസരം നൽകും. എനിക്ക് എത്ര താരങ്ങളെ ഉപയോഗിക്കാനാവും എന്നുള്ളതിന് മാത്രമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഒരുപാട് താരങ്ങൾ അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ശരിയാണ് ഇതൊരു റിസ്ക് തന്നെയാണ്. പക്ഷേ എല്ലാവർക്കും അവരുടെ ക്വാളിറ്റി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇത് ” ഇതാണ് ബ്രസീൽ കോച്ച് പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ഇന്നത്തെ മത്സരത്തിൽ നിരവധി താരങ്ങൾക്ക് അവസരം ലഭിക്കും എന്നുള്ള കാര്യം പരിശീലകൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു റിസർവ് ടീം ആണെങ്കിൽ ശക്തമായ ഒരു താരനിരയുമായാണ് ബ്രസീൽ വരുന്നത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *