ഫ്രഞ്ച് ക്യാമ്പിൽ പൊട്ടിത്തെറി?കോച്ച് കമവിങ്കയുമായി ഉടക്കിലെന്ന് റിപ്പോർട്ട്!
ഈ യൂറോ കപ്പിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ വമ്പൻമാരായ ഫ്രാൻസിന് കഴിഞ്ഞിട്ടില്ല.രണ്ട് സമനിലകൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. നേടിയ വിജയമാവട്ടെ സെൽഫ് ഗോളിന്റെ ആനുകൂല്യത്തിലുമായിരുന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ് ഫിനിഷ് ചെയ്തിട്ടുള്ളത്.തങ്ങളുടെ പേരിലും പെരുമക്കുമൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ഫ്രാൻസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ പോളണ്ടായിരുന്നു അവരെ സമനിലയിൽ തളച്ചത്. റയൽ മാഡ്രിഡ് സൂപ്പർതാരമായ കമവിങ്കക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാറില്ല. പോളണ്ടിനെതിരെയുള്ള മത്സരത്തിൽ പകരക്കാരന്റെ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയിരുന്നത്. മത്സരത്തിനിടയിൽ പലതവണ അദ്ദേഹം വഴുതി വീഴുകയും ചെയ്തിരുന്നു. ഇത് ഫ്രഞ്ച് പരിശീലകനായ ദെഷാപ്സിനെ ദേഷ്യം പ്രകടിപ്പിച്ചിരുന്നു.കമവിങ്ക തിരഞ്ഞെടുത്ത ബൂട്ടുകളെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല ട്രെയിനിങ് സെഷനിൽ ഇരുവരും തമ്മിൽ ചില അസ്വാരസങ്ങൾ ഉടലെടുത്തിട്ടുണ്ട്. പല സമയത്തും കമവിങ്കയോട് ദെഷാപ്സ് ദേഷ്യത്തോട് കൂടി പെരുമാറിയിട്ടുണ്ട്.കമവിങ്ക റെഡിയാണെങ്കിൽ നമുക്ക് ട്രെയിനിങ് തുടങ്ങാം എന്ന് പരിഹാസ രൂപേണ ട്രെയിനിങ്ങിനിടയിൽ ദെഷാപ്സ് പറയുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ ആറ്റിറ്റ്യൂഡിനെതിരെ ദെഷാപ്സിന് എതിർപ്പുകളുണ്ട് എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Tyc സ്പോർട്സ് ഉൾപ്പെടെയുള്ളവർ ഇക്കാര്യം വാർത്തയാക്കിയിട്ടുണ്ട്.ഏതായാലും രണ്ടുപേരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. അടുത്ത പ്രീ ക്വാർട്ടർ പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ഫ്രാൻസ് ഉള്ളത്. എതിരാളികൾ ബെൽജിയമാണ്.വരുന്ന ജൂലൈ ഒന്നാം തീയതി രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.