ഫിലിപ്പേ കൂട്ടിഞ്ഞോയെ തിരികെ കൊണ്ടുവരാൻ ബ്രസീലിയൻ ഫുട്ബോൾ!

ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ലിവർപൂളിലും ബ്രസീലിലും മിന്നും പ്രകടനം നടത്തിയ കൂട്ടിഞ്ഞോക്ക് ബാഴ്സലോണയിൽ ആ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് ബയേൺ,ആസ്റ്റൻ വില്ല എന്നീ ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചുവെങ്കിലും പഴയ മികവ് വീണ്ടെടുക്കാൻ സാധിച്ചില്ല. ഇതോടുകൂടി അദ്ദേഹം ഖത്തർ ക്ലബ് ആയ അൽ ദുഹൈലിലേക്ക് പോവുകയായിരുന്നു.

ഇപ്പോൾ കൂട്ടിഞ്ഞോയെ ബ്രസീലിലേക്ക് തന്നെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല ഫിലിപ്പേ കൂട്ടിഞ്ഞോയും ഇപ്പോൾ ബ്രസീലിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ക്രുസയ്റോ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല താരത്തിന്റെ ക്യാമ്പുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ താരത്തെ എത്തിക്കുക എന്നുള്ളത് ക്രുസേയ്റോക്ക് എളുപ്പമുള്ള കാര്യമല്ല.

എന്തെന്നാൽ സാമ്പത്തിക പ്രതിസന്ധി അവരെ വല്ലാതെ അലട്ടുന്നുണ്ട്. മാത്രമല്ല മറ്റൊരു ബ്രസീലിയൻ ക്ലബ് ആയ വാസ്ക്കോയിലൂടെ വളർന്ന താരമാണ് കൂട്ടിഞ്ഞോ. അതുകൊണ്ടുതന്നെ അവരുടെ എതിരാളികളായ ക്രുസയ്റോയിലേക്ക് പോകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.വാസ്ക്കോയിലേക്ക് തന്നെ മടങ്ങാനാണ് ഇപ്പോൾ താരത്തിന്റെ സ്റ്റാഫ് ആഗ്രഹിക്കുന്നത്.പക്ഷേ താരത്തിന് വേണ്ടി കഠിനമായ ശ്രമങ്ങൾ നടത്തുന്നത് ക്രുസയ്റോ തന്നെയാണ്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൂട്ടിഞ്ഞോ ഖത്തർ വിട്ടുകൊണ്ട് ബ്രസീലിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്.

31കാരനായ താരം ഈ സീസണിൽ അൽ ദുഹൈലിന് വേണ്ടി ആകെ 23 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ 17 മത്സരങ്ങളിൽ ആണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അതിൽനിന്ന് 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ മോശമല്ലാത്ത ഒരു പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ബ്രസീലിയൻ ക്ലബ്ബുകൾ ഇപ്പോൾ കൂട്ടിഞ്ഞോയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *