പ്ലേ ഓഫ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയെ പോർച്ചുഗൽ കളിപ്പിക്കേണ്ടതുണ്ടോ? ഡിബേറ്റ്!

വരുന്ന ഖത്തർ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗല്ലിന് സാധിച്ചിട്ടില്ല.ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് പോർച്ചുഗല്ലിന്റെ ഏക ആശ്രയം.തുർക്കിയെയാണ് പോർച്ചുഗൽ നേരിടേണ്ടി വരിക. ആ മത്സരത്തിൽ വിജയിച്ചാൽ ഫൈനൽ കൂടി കളിക്കേണ്ടതുണ്ട്.അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇറ്റലിയും പോർച്ചുഗല്ലും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും. അതിൽ വിജയിക്കുന്നവർക്ക് മാത്രമാണ് വേൾഡ് കപ്പിന് യോഗ്യത ലഭിക്കുക. അതുകൊണ്ടുതന്നെ വളരെ നിർണായകമായ മത്സരമാണ് പോർച്ചുഗല്ലിനെ കാത്തിരിക്കുന്നത്.

യൂറോപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന നിരവധി താരങ്ങൾ ഉള്ള ടീമാണ് പോർച്ചുഗൽ. പക്ഷേ സൂപ്പർ താരം ക്രിസ്റ്റ്യാനോ ഉള്ളതുകൊണ്ട് അദ്ദേഹത്തിൽ മാത്രം പോർച്ചുഗല്ലിന് ശ്രദ്ധിക്കേണ്ടി വരുന്നുവെന്നും അതുകൊണ്ടുതന്നെ 37-കാരനായ താരത്തെ പോർച്ചുഗൽ കളിപ്പിക്കരുത് എന്നുള്ള ഒരു അഭിപ്രായം ഇവിടെ ഉയർന്നു വരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട ഒരു സംവാദം സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടിട്ടുണ്ട്. അതിലെ 2 അഭിപ്രായങ്ങൾ നമുക്ക് പരിശോധിക്കാം.

മയിസ് ഫുട്ബോളിലെ സെർജിയോ പിയേഴ്സിന്റെ അഭിപ്രായം ഇങ്ങനെയാണ്. ” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് ടീം തയ്യാറെടുക്കേണ്ടിരിക്കുന്നു. കാരണം അദ്ദേഹം ഇല്ലാതെ പോർച്ചുഗൽ നല്ല രൂപത്തിൽ കളിക്കുന്നത് ഞാൻ കാണുന്നു ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

അതേസമയം ടീമിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞ ചില കാര്യങ്ങൾ ഡെയിലി മെയിൽ പുറത്തുവിട്ടിട്ടുണ്ട്. അവരുടെ അഭിപ്രായം ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ കളിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. പക്ഷേ അദ്ദേഹം ഉണ്ടാവുമ്പോൾ അദ്ദേഹത്തിലേക്ക് പാസ് എത്തിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി കളിക്കണമെന്നുമാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുന്നത്. ക്രിസ്റ്റ്യാനോ ഇല്ലെങ്കിൽ ടീം മികച്ച രൂപത്തിലായിരിക്കും ” ഇതാണ് ഡെയ്ലി മെയിൽ പുറത്തു വിട്ടിട്ടുള്ളത്.

ചുരുക്കത്തിൽ ക്രിസ്റ്റ്യാനോ ഇല്ലെങ്കിൽ പോർച്ചുഗൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പലരും നിരീക്ഷിക്കുന്നത്. എന്നാൽ പോർച്ചുഗലിന്റെ പരിശീലകൻ ഇതിനെതിരാണ്. അതായത് ഒരു ടീമിന്റെ ഏറ്റവും മികച്ച താരം ഇല്ലെങ്കിൽ ആ ടീമിന് അതിനേക്കാൾ നല്ല രൂപത്തിൽ കളിക്കാനാവുമെന്നുള്ളത് ഞാൻ വിശ്വസിക്കുന്നില്ല എന്നായിരുന്നു പോർച്ചുഗൽ കോച്ച് മുമ്പ് പറഞ്ഞത്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് മത്സരങ്ങളിൽ താരമുണ്ടാവുമെന്ന് തന്നെയാണ് നമുക്ക് ഇപ്പോൾ പറയാനാവുക.

Leave a Reply

Your email address will not be published. Required fields are marked *