പോരാട്ടവീര്യം കൈവിടാതെ ബ്രസീൽ, കൊളംബിയയും മുട്ടുമടക്കി!
അവസാന നിമിഷം വരെ ജയത്തിനായി പോരാടിയ ബ്രസീലിന് മുന്നിൽ കൊളംബിയയും മുട്ടുമടക്കി. കോപ്പ അമേരിക്കയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഒരു ഗോളിന് പിന്നിട്ട് നിന്ന ബ്രസീൽ അതിശക്തമായി തിരിച്ചു വരികയായിരുന്നു. ബ്രസീലിന് വേണ്ടി റോബെർട്ടോ ഫിർമിനോ, കാസമിറോ എന്നിവർ ഗോളുകൾ നേടിയപ്പോൾ ലൂയിസ് ഡിയാസായിരുന്നു കൊളംബിയയുടെ ഗോൾ നേടിയത്. ജയത്തോടെ മൂന്നിൽ മൂന്നും വിജയിച്ച ബ്രസീൽ ആധികാരികമായി തന്നെ ക്വാർട്ടറിൽ പ്രവേശിച്ചു.
Casemiro scores the winner for Brazil in the 100th minute of added time vs Colombia. Another Real Madrid player coming up big 🇧🇷🔥 pic.twitter.com/zDEAHGOFaT
— Kipper 🇪🇸🇪🇸 (@TheFTManager) June 24, 2021
മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഒരു മനോഹരമായ ഗോളോടെ കൊളംബിയ ലീഡ് നേടിയിരുന്നു.യുവാൻ ക്വഡ്രാഡോയുടെ ക്രോസ് ഒരു അക്രോബാറ്റിക്ക് ഷോട്ടിലൂടെ ഡിയാസ് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കൊളംബിയൻ പ്രതിരോധം നിലയുറപ്പിച്ചപ്പോൾ ഗോൾ നേടാനാവാതെ ബ്രസീൽ വലഞ്ഞു. ഒടുവിൽ 78-ആം മിനിറ്റിൽ റെനാൻ ലോദിയുടെ ക്രോസിൽ നിന്നും റോബെർട്ടോ ഫിർമിനോ ഒരു ഹെഡറിലൂടെ സമനില ഗോൾ കണ്ടെത്തി. റഫറിയുടെ ദേഹത്ത് പന്ത് തട്ടിയതുമായി വിവാദം ഉണ്ടായെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു.മത്സരത്തിന്റെ അവസാനനിമിഷത്തിലാണ് ബ്രസീൽ വിജയഗോൾ കരസ്ഥമാക്കിയത്.നെയ്മറുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ കാസമിറോയാണ് ബ്രസീലിന്റെ വിജയഗോൾ സ്വന്തമാക്കിയത്.