പോഗ്ബയെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ സഹോദരൻ കസ്റ്റഡിയിൽ!
ഫ്രഞ്ച് ഫുട്ബോൾ ലോകം ഈയിടെ ഏറ്റവും കൂടുതൽ ചർച്ചചെയ്ത വിഷയങ്ങളിൽ ഒന്നാണ് പോൾ പോഗ്ബയുടെ സഹോദരന്റെ ആരോപണങ്ങൾ.പോഗ്ബക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഹോദരനായ മത്തിയാസ് പല രൂപത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. അതിൽ പ്രധാനപ്പെട്ടത് കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ടതായിരുന്നു.
അതായത് എംബപ്പേയുടെ മികവ് നഷ്ടമാവാൻ വേണ്ടി പോൾ പോഗ്ബ ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നുവെന്നും കൂടോത്രം ചെയ്തിരുന്നു എന്നുമായിരുന്നു മത്തിയാസ് ആരോപിച്ചിരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ പോൾ പോഗ്ബ നിഷേധിച്ചിരുന്നു. മാത്രമല്ല തന്റെ സഹോദരനും സുഹൃത്തുക്കളും തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പോഗ്ബ അറിയിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) September 15, 2022
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പോഗ്ബയുടെ സഹോദരന് ഫ്രഞ്ച് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അദ്ദേഹം നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കൂടാതെ വേറെ മൂന്ന് പേരെയും ഇദ്ദേഹത്തോടൊപ്പം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫ്രഞ്ച് നിയമമനുസരിച്ച് 24 മണിക്കൂറാണ് ഇങ്ങനെ തടങ്കലിൽ വെക്കാൻ സാധിക്കുക. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
13 മില്യൺ യൂറോയോളം പോഗ്ബയിൽ നിന്നും മത്തിയാസ് ആവശ്യപ്പെട്ടു എന്നാണ് പരാതി. മാത്രമല്ല ഈ ആരോപണങ്ങളെല്ലാം തന്നെ ഈ പണം ലഭിക്കാത്തതിനാൽ തന്നെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയതാണെന്നും പോഗ്ബ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.32 കാരനായ മത്യാസ് പോഗ്ബയും ഒരു ഫുട്ബോൾ താരമാണ്. പക്ഷേ ഇംഗ്ലണ്ടിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും താഴെക്കിടയിലുള്ള ക്ലബ്ബുകൾക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഏതായാലും മത്യാസ് പോഗ്ബക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.