പോഗ്ബയുമായി ബന്ധപ്പെട്ട കൂടോത്ര ആരോപണങ്ങൾ,ഖത്തർ വേൾഡ് കപ്പിൽ ദെഷാപ്സിൽ വിശ്വാസമർപ്പിച്ച് കായികമന്ത്രി!
നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് നിലവിലുള്ളത്.വേൾഡ് കപ്പ് കിരീടം നിലനിർത്തുക എന്നുള്ളത് തന്നെയാണ് നിലവിൽ പരിശീലകനായ ദെഷാപ്സിന് മുന്നിലുള്ള വെല്ലുവിളി. എന്നാൽ ഇവിടെ ടീമിനകത്ത് ചില പ്രശ്നങ്ങൾ ഉയർന്നു വന്നിരുന്നു.
അതായത് സൂപ്പർതാരം പോൾ പോഗ്ബയുടെ സഹോദരനായ മത്യാസ് പോഗ്ബ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിലൊന്നായിരുന്നു പോൾ പോഗ്ബക്കെതിരെയുള്ള കൂടോത്രം ആരോപണം. സൂപ്പർ താരം കിലിയൻ എംബപ്പേക്കെതിരെ കൂടോത്രം ചെയ്യാൻ വേണ്ടി ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു എന്നായിരുന്നു സഹോദരൻ ആരോപിച്ചിരുന്നത്.
ഇത് ഫ്രഞ്ച് ദേശീയ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് എല്ലാവരും ഭയപ്പെടുന്നുണ്ട്.ഫ്രാൻസിന്റെ കായിക മന്ത്രിയായ അമേലി കാസ്റ്റെരേയും ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ പരിശീലകനായ ദെഷാപ്സ് എല്ലാം നല്ല രൂപത്തിൽ കൈകാര്യം ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് ഇവരുള്ളത്.ഇതേ കുറിച്ച് അമേലി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 5, 2022
“ഫ്രാൻസ് ടീമും ഓരോ താരങ്ങളും മികച്ച രൂപത്തിൽ ഖത്തർ വേൾഡ് കപ്പിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.സത്യം എന്തെന്നാൽ ഇനി വേൾഡ് കപ്പിന് രണ്ട് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ താരങ്ങളും ഏറ്റവും മികച്ച രൂപത്തിൽ അവിടെ എത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു കോമ്പറ്റീഷനിൽ വിജയിക്കണമെങ്കിൽ താരങ്ങൾ എല്ലാവരും മികച്ച ഒത്തിണക്കത്തോട് കൂടി മുന്നേറേണ്ടതുണ്ട് എന്നുള്ളത് നമുക്കറിയാം. ശരിക്കും ദിദിയർ ദെഷാപ്സിനെ ലഭിച്ചത് ഞങ്ങളുടെ ഒരു ഭാഗ്യമാണ്. ഞാൻ അദ്ദേഹത്തിന് എല്ലാവിധ കോൺഫിഡൻസും നൽകുന്നു. ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹം തെളിയിച്ചവനാണ്. ഈയൊരു സാഹചര്യവുമായി അഡാപ്റ്റാവാൻ ടീമിനെ കഴിയുമെന്ന് എനിക്കറിയാം. ഇത്തരം സന്ദർഭങ്ങളിൽ ടീമിനെ സംരക്ഷിക്കാൻ ദെഷാപ്സിന് സാധിക്കുക തന്നെ ചെയ്യും ” ഇതാണ് ഫ്രഞ്ച് സ്പോർട്സ് മിനിസ്റ്റർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ ആരോപണങ്ങളെല്ലാം തന്നെ പോഗ്ബ നിഷേധിച്ചിരുന്നു. ഈ മാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ ഫ്രാൻസ് കളത്തിൽ ഇറങ്ങുന്നുണ്ട്.