പെലെയുടെ കളി കാണാൻ യുദ്ധം നിർത്തി വെച്ച സംഭവം!ഇത് സത്യമോ? മിഥ്യയോ?
ലോക ഫുട്ബോളിൽ ഒട്ടേറെ കിരീടങ്ങളും റെക്കോർഡുകളും കരസ്ഥമാക്കിയ പെലെ നമ്മിൽ നിന്നും വിടവാങ്ങുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകളോ അദ്ദേഹത്തിന്റെ ലെഗസിയോ ഒരിക്കലും ഇവിടെ നിന്ന് മാഞ്ഞു പോകുന്നില്ല. അത്രയേറെ വലിയ രൂപത്തിൽ ചരിത്രത്തിൽ ഇടംപിടിച്ച താരമാണ് പെലെ.
റെക്കോർഡുകൾക്കും കിരീടങ്ങൾക്കും പുറമേ വലിയ വിപ്ലവങ്ങൾ കൂടി സൃഷ്ടിച്ചിട്ടുള്ള ഇതിഹാസമാണ് പെലെ.അതിലൊന്നാണ് പെലെയുടെ കളി കാണാൻ വേണ്ടി യുദ്ധം നിർത്തിവെച്ച സംഭവം. ഫുട്ബോൾ ലോകത്തിന് ഇന്നും അത്ഭുതമായി തുടരുന്ന ഒരു യാഥാർത്ഥ്യമാണത്.
1969 ഫെബ്രുവരി നാലാം തീയതിയാണ് പെലെയുടെ ക്ലബ്ബായ സാൻഡോസും പ്രാദേശിക ക്ലബ്ബായ ബെനിൻ സിറ്റിയും തമ്മിൽ സൗഹൃദ മത്സരം കളിച്ചിരുന്നത്. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ആഭ്യന്തര യുദ്ധം നടക്കുന്ന സമയമാണിത്.ബിയാഫ്ര റീജിയൻ നൈജീരിയയിൽ നിന്നും സ്വാതന്ത്ര്യം നേടാൻ വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സമയമായിരുന്നു അത്.
എന്നാൽ പെലെയുടെ കളി കാണാൻ വേണ്ടി അവർ തമ്മിൽ ഒരു ധാരണയിൽ എത്തുകയായിരുന്നു. ആ ദിവസം അവർ വെടിനിർത്തൽ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല ബിയഫ്രൻസിന് കളി കാണാൻ വേണ്ടി ഗവർണർ ബ്രിഡ്ജ് തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് സാൻഡോസ് വിജയിച്ചത്. 25000 ത്തോളം കാണികളായിരുന്നു ആ മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്.
1967 മുതൽ 1970 വരെയാണ് ബിയാഫ്രൻസും നൈജീരിയയും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടത്. ഏകദേശം രണ്ട് മില്യണോളം സിവിലിയൻസ് കൊല്ലപ്പെട്ടിട്ടുണ്ട്.4.5 മില്യൻ ആളുകൾക്ക് തങ്ങളുടെ വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. ഒടുവിൽ ബിയാഫ്രൻസ് നൈജീരിയയ്ക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു.
ഏതായാലും താൽക്കാലികമായെങ്കിലും ഈ യുദ്ധം നിർത്തിവെക്കാൻ സാധിച്ചത് പെലെക്കും സാന്റോസിനും അഭിമാനമുണ്ടാക്കുന്ന കാര്യമായിരുന്നു. ഇതേക്കുറിച്ച് മുമ്പ് പെലെ തന്നെ സംസാരിച്ചിട്ടുണ്ട്.