പെലെയുടെ ഒരു റെക്കോർഡിനൊപ്പമെത്തി, മറ്റൊന്നിന് തൊട്ടരികിൽ, അതിവേഗം കുതിച്ച് നെയ്മർ!

ബ്രസീലിയൻ ജേഴ്‌സിയിൽ തന്റെ വിസ്മയിപ്പിക്കൽ നെയ്മർ ജൂനിയർ തുടരുകയാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിലും ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു നെയ്മറുടെ സമ്പാദ്യം. അതേപ്രകടനം തന്നെയാണ് നെയ്മർ കോപ്പയിലും തുടർന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ നടന്ന വെനിസ്വേലക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നെയ്മർ കരസ്ഥമാക്കി.ഇതോടെ ബ്രസീലിന് വേണ്ടിയുള്ള തന്റെ ഗോൾനേട്ടവും അസിസ്റ്റ് നേട്ടവും വർധിപ്പിച്ചിരിക്കുകയാണ് നെയ്മർ.67 ഗോളുകൾ ഇതുവരെ നേടിയപ്പോൾ 47 അസിസ്റ്റുകളും നെയ്മർ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

47 അസിസ്റ്റുള്ള സാക്ഷാൽ പെലെയാണ് ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം. നിലവിൽ ഈ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് നെയ്മർ. ഒരു അസിസ്റ്റ് കൂടി സ്വന്തമാക്കിയാൽ ഇതിഹാസതാരത്തെ നെയ്മർ മറികടക്കും. അതേസമയം ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും നെയ്മറെ കാത്തിരിക്കുന്നുണ്ട്.77 ഗോളുകൾ നേടിയ പെലെ തന്നെയാണ് ഈ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. ഇനി പതിനൊന്ന് ഗോളുകൾ കൂടി നേടിയാൽ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഖ്യാതി നെയ്മർക്ക് സ്വന്തമാവും.62 ഗോളുകൾ നേടിയ റൊണാൾഡോ,55 ഗോളുകൾ നേടിയ റൊമാരിയോ,48 ഗോളുകൾ നേടിയ സീക്കോ എന്നിവരാണ് നെയ്മർക്ക് പിറകിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *