പെനാൽറ്റി റിഡംപ്‌ഷൻ, ഏറെ അഭിമാനിക്കുന്നുവെന്ന് സാക്ക!
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ലീഡ് സ്വന്തമാക്കിയത് സ്വിറ്റ്സർലാന്റായിരുന്നു. പക്ഷേ ബുകയോ സാക്കയുടെ തകർപ്പൻ ഗോൾ അവർക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ എടുത്ത പെനാൽറ്റിയും സാക്ക ഗോളാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നത്. അന്ന് സാക്ക പെനാൽറ്റി പാഴാക്കുകയായിരുന്നു.അതേത്തുടർന്ന് അദ്ദേഹത്തിന് വംശീയ അധിക്ഷേപം വരെ നേരിടേണ്ടി വന്നിരുന്നു. ഏതായാലും ഇന്ന് വിജയം നേടാൻ സാധിച്ചതിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിലും താൻ ഒരുപാട് അഭിമാനിക്കുന്നുവെന്ന് സാക്ക പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” അന്ന് ഉണ്ടായ അനുഭവങ്ങളിൽ നിന്നും തിരികെ വരിക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഞാനിപ്പോൾ കരുത്തനായി കഴിഞ്ഞു.ഇന്നത്തെ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ തവണ യൂറോയിൽ ഞങ്ങൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ എന്താണ് സംഭവിച്ചത് എന്നുള്ളത് നിങ്ങൾ എല്ലാവരും കണ്ടതാണ്. പക്ഷേ ഇപ്പോൾ ഈ വിജയം സ്പെഷ്യലാണ്.എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. മത്സരത്തിൽ ഞങ്ങൾ തന്നെയാണ് ഏറെ ആധിപത്യം പുലർത്തിയത്. ഗോൾ നേടാൻ എനിക്ക് സാധിച്ചതിൽ ഒരുപാട് അഭിമാനം ഉണ്ട് ” ഇതാണ് സാക്ക പറഞ്ഞിട്ടുള്ളത്.
നെതർലാന്റ്സും ഇംഗ്ലണ്ടും തമ്മിലാണ് സെമിഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക.മിന്നുന്ന ഫോമിൽ കളിക്കുന്ന നെതർലാന്റ്സിനെ പരാജയപ്പെടുത്തുക എന്ന വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് മുന്നിൽ ഉള്ളത്. അതേസമയം മറ്റൊരു സെമി പോരാട്ടത്തിൽ സ്പെയിനും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മാസം 9,10 തീയതികളിലായി കൊണ്ടാണ് ഈ സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്.