പെനാൽറ്റി പാഴാക്കി, വീണ്ടും സമനിലയിൽ കുരുങ്ങി സ്പെയിൻ!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ സ്പെയിനിന് സമനിലകുരുക്ക്. പോളണ്ടാണ് സ്പെയിനിനെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കാളക്കൂറ്റൻമാർ സമനില വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്വീഡനോട് സ്പെയിൻ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ അടുത്ത സ്ലോവാക്യക്കെതിരെ നടക്കുന്ന മത്സരം സ്പെയിനിന് അതിനിർണായകമായി.നിലവിൽ നാല് പോയിന്റുള്ള സ്വീഡനും മൂന്നു പോയിന്റുള്ള സ്ലോവാക്യയുമാണ് ആദ്യരണ്ട് സ്ഥാനങ്ങളിൽ. രണ്ട് പോയിന്റാണ് സ്പെയിനിന്റെ സമ്പാദ്യം.
Robert Lewandowski helps Poland pick up a BIG point against Spain.#ESPPOL #EURO2020 pic.twitter.com/HXfl7tDnbq
— DW Sports (@dw_sports) June 19, 2021
മത്സരത്തിന്റെ 25-ആം മിനുട്ടിൽ സ്പെയിനാണ് ലീഡ് നേടിയത്.ജെറാർഡ് മൊറീനോയുടെ അസിസ്റ്റിൽ നിന്ന് അൽവാരോ മൊറാറ്റയാണ് ഗോൾ നേടിയത്.എന്നാൽ 54-ആം മിനുട്ടിൽ പോളണ്ട് ഇതിന് മറുപടി നൽകി. സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവന്റോസ്ക്കിയാണ് പോളണ്ടിന്റെ സമനില ഗോൾ കണ്ടെത്തിയത്.58-ആം മിനിറ്റിൽ ലീഡ് നേടാനുള്ള അവസരം സ്പെയിനിന് ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ജെറാർഡ് മൊറീനോ പാഴാക്കുകയായിരുന്നു.