പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ, പരിഗണിക്കുന്നത് ഡോറിവാലിനേയും ഫിലിപെ ലൂയിസിനേയും!

ഈ സീസണിന് ശേഷം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടിയെ നിയമിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ആഞ്ചലോട്ടി ക്ലബ്ബുമായുള്ള കോൺട്രാക്ട് പുതുക്കി. അതുകൊണ്ടുതന്നെ മറ്റൊരു പരിശീലകനെ തേടുകയാണ് ഇപ്പോൾ സിബിഎഫിന്റെ പ്രസിഡണ്ടായ എഡ്നാൾഡോ റോഡ്രിഗസ് ചെയ്യുന്നത്.ഫെർണാണ്ടോ ഡിനിസിനെ മാറ്റാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഈ വർഷം ജൂൺമാസം വരെയാണ് ബ്രസീൽ ദേശീയ ടീമുമായി ഡിനിസിന് കോൺട്രാക്ട് അവശേഷിക്കുന്നത്. ഫ്ലുമിനൻസിനെ കൂടി അദ്ദേഹം പരിശീലിപ്പിക്കുന്നതിനാൽ ദീർഘകാലം അദ്ദേഹത്തെ ബ്രസീലിന്റെ പരിശീലകനായി കൊണ്ട് നിലനിർത്താൻ CBF താല്പര്യപ്പെടുന്നില്ല.മാത്രമല്ല ഇദ്ദേഹത്തിന് കീഴിൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡിനിസിന്റെ സ്ഥാനത്തേക്ക് മറ്റൊരു പരിശീലകനെ കൊണ്ടുവരാൻ തന്നെയാണ് ബ്രസീലിന്റെ തീരുമാനം.

ഗ്ലോബോയുടെ റിപ്പോർട്ടുകൾ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഇപ്പോൾ സിബിഎഫ് പരിഗണിക്കുന്നത് ഡോറിവാൽ ജൂനിയറെനെയാണ്. ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയുടെ പരിശീലകനാണ് ഇദ്ദേഹം. ബ്രസീലിലെ ഒട്ടുമിക്ക പ്രശസ്തരായ ക്ലബ്ബുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ബ്രസീലിയൻ താരങ്ങളെ നന്നായി അറിയുന്ന ഇദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാകും എന്നാണ് എഡ്നാൾഡോ റോഡ്രിഗസ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ദേശീയ ടീമിന്റെ കോർഡിനേറ്ററായി കൊണ്ട് മുൻ സൂപ്പർതാരമായിരുന്ന ഫിലിപ്പേ ലൂയിസിനെ നിയമിക്കാനും സിബിഎഫ് ആലോചിക്കുന്നുണ്ട്.

ഫിലിപ്പേ ലൂയിസ് ഈയിടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു. മാത്രമല്ല പ്രൊഫഷണൽ ടീമുകളെ പരിശീലിപ്പിക്കാൻ ആവശ്യമായ A ലൈസൻസ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബ്രസീൽ ടീമിന്റെ ഭാഗമാവാൻ സാധിക്കും. ഈ രണ്ടുപേരെയും നിയമിക്കാനാണ് ഇപ്പോൾ ബ്രസീൽ ദേശീയ ടീം ശ്രമിക്കുന്നത് എന്നാണ് ഗ്ലോബോ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *