പുതിയ നേട്ടത്തിനരികിൽ ജിറൂദ്, ഇനി താരത്തിന്റെ സ്ഥാനം സിദാനും ഹെൻറിക്കുമൊപ്പം !

ഇന്ന് നടക്കുന്ന ഉക്രൈനെതിരെയുള്ള സൗഹൃദമത്സരത്തിൽ സൂപ്പർ താരം ഒലിവർ ജിറൂദിന് ജേഴ്സിയണിയാൻ സാധിച്ചാൽ അത് മറ്റൊരു നാഴികകല്ലായി മാറും. ഫ്രാൻസിന് വേണ്ടി നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്ന മറ്റൊരു താരമാവാൻ ഒരുങ്ങുകയാണ് ഈ മുപ്പത്തിനാലുകാരനായ ചെൽസി താരം. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:40-നാണ് വേൾഡ് കപ്പ് ജേതാക്കൾ ഉക്രൈനിനെ നേരിടുന്നത്. 99 മത്സരങ്ങളിൽ നിന്നായി 40 ഗോളുകളാണ് ജിറൂദ് ഇതുവരെ നേടിയത്. ഒരു ഗോൾ കൂടി നേടിയാൽ മിഷേൽ പ്ലാറ്റിനിയുടെ നേട്ടത്തിനൊപ്പമെത്താൻ താരത്തിന് സാധിക്കും. 51 ഗോളുകൾ നേടിയ തിയറി ഹെൻറിയാണ് ഫ്രാൻസ് ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. അതേ സമയം നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്ന എട്ടാമത്തെ താരമാവാനാണ് ജിറൂദിന് സാധിക്കുക. 142 മത്സരങ്ങൾ കളിച്ച ലിലിയൻ തുറാം ആണ് ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്. തിയറി ഹെൻറി, മാഴ്‌സെൽ ഡെസൈലി, ഹ്യൂഗോ ലോറിസ്, സിനദിൻ സിദാൻ, പാട്രിക് വിയെര, ദിദിയർ ദെഷംപ്സ് എന്നിവരാണ് നൂറ് മത്സരങ്ങൾ പൂർത്തിയാക്കിയ മറ്റു താരങ്ങൾ.

നൂറാം മത്സരം കളിക്കാൻ പോവുന്നതിന്റെ ആവേശം താരം പങ്കുവെച്ചു. ” ഉക്രൈനെതിരെ കളിക്കാൻ പോവുന്നത് വളരെയധികം പ്രത്യേകതയുള്ള ഒരു മത്സരമാണ്. കാരണം മിഷേൽ പ്ലാറ്റിനിക്കൊപ്പമെത്താൻ എന്റെ നൂറാം മത്സരത്തിൽ തന്നെ ഞാൻ ശ്രമിക്കും. ഞാൻ ഒരിക്കലും എന്റെ കരിയറിന് പരിധികൾ വെച്ചിട്ടില്ല. ഞാൻ എൺപത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, ഞാൻ എന്നോട് തന്നെ ചോദിച്ചു എന്ത് കൊണ്ട് നൂറിൽ എത്തിക്കൂടാ? നൂറ് എന്നുള്ളത് നല്ലൊരു സംഖ്യയാണ്. പക്ഷെ എനിക്ക്‌ ഇനിയും എന്റെ മുമ്പിൽ വർഷങ്ങളുണ്ട്. പലപ്പോഴും ആളുകൾ എന്നെ അഭിനന്ദിക്കാറുമുണ്ട്. ഈ നേട്ടം കൈവരിക്കാനായതിൽ ഞാൻ എത്ര ഭാഗ്യവാനാണ് എന്നത് ഞാൻ മനസ്സിലാക്കാറുണ്ട് ” ജിറൂദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *