പരിക്ക്, സൂപ്പർ താരം ബ്രസീലിയൻ ടീമിൽ നിന്നും പുറത്ത്, പകരം പ്രീമിയർ ലീഗ് താരത്തെ ഉൾപ്പെടുത്തി ടിറ്റെ!
ഖത്തർ വേൾഡ് കപ്പിന് മുന്നേ ഈ മാസം ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. സെപ്റ്റംബർ 23 ആം തീയതി നടക്കുന്ന മത്സരത്തിൽ ഘാനയെയും സെപ്റ്റംബർ 27ാം തീയതി നടക്കുന്ന മത്സരത്തിൽ ടുണീഷ്യയെയുമാണ് ബ്രസീൽ നേരിടുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ദിവസങ്ങൾക്ക് മുന്നേ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ സ്‌ക്വാഡിൽ ഇപ്പോൾ ഒരു ചെറിയ മാറ്റം ബ്രസീലിന് വരുത്തേണ്ടി വന്നിട്ടുണ്ട്. അതായത് യുവന്റസിന്റെ ലെഫ്റ്റ് ബാക്ക് താരമായ അലക്സ് സാൻഡ്രോക്ക് ഇപ്പോൾ പരിക്കേറ്റിട്ടുണ്ട്.മസിൽ ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തെ ഇപ്പോൾ സ്‌ക്വാഡിൽ നിന്നും ടിറ്റെ ഒഴിവാക്കിയിട്ടുണ്ട്.
പകരം ഈ സ്ഥാനത്തേക്ക് റെനാൻ ലോദിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അത്ലറ്റിക്കോ മാഡ്രിഡ് താരമായിരുന്ന ലോദി ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ കളിച്ച താരത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല. വരുന്ന സൗഹൃദ മത്സരങ്ങൾക്ക് ഇദ്ദേഹം ബ്രസീലിന്റെ ടീമിനൊപ്പം ഉണ്ടാകും.
Com uma lesão muscular, Alex Sandro foi cortado da seleção brasileira.
— ge (@geglobo) September 14, 2022
Renan Lodi está convocado para os amistosos contra Gana e Tunísia, no fim de setembro 🇧🇷 #ge pic.twitter.com/2aYew8xFWS
ഈ സ്‌ക്വാഡ് പ്രഖ്യാപിച്ച സമയത്ത് തന്നെ ടിറ്റെക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനല്ലി എന്നിവരെ ഒഴിവാക്കിയതോടുകൂടിയാണ് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. സൂപ്പർ താരങ്ങളായ കൂട്ടിഞ്ഞോ,ആൽവസ് എന്നിവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.
നിലവിലെ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരാണ് ബ്രസീൽ. മാത്രമല്ല വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റ്കളിൽ പലരും ബ്രസീലിനെ വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രസീലിനെ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്.